പൈലറ്റുമാരുടെ പണിമുടക്കിനെത്തുടർന്ന് ഫ്രാങ്ക്ഫർട്ടിൽ നിന്നും മ്യൂണിച്ചിൽ നിന്നുമുള്ള മിക്കവാറും എല്ലാ പാസഞ്ചർ, കാർഗോ ഫ്ലൈറ്റുകളുടെയും വെള്ളിയാഴ്‌ചത്തെ സർവീസുകൾ റദ്ദാക്കുകയാണെന്ന് ജർമ്മൻ കാരിയർ ലുഫ്താൻസ അറിയിച്ചു. ലുഫ്താൻസയുടെ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയന്റെ ശമ്പള വർദ്ധനയ്ക്കുള്ള ആവശ്യങ്ങൾ മാനേജ്‌മെന്റ് നിരസിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച് രാവിലെ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് മൂലം ഏകദേശം 800 ഓളം വിമാന സർവീസുകൾ റദ്ദാക്കുമെന്നും ലുഫ്താൻസയുടെ ബജറ്റ് കാരിയറായ യൂറോവിംഗ്‌സിനെ പണിമുടക്ക് ബാധിക്കില്ലെന്നും ലുഫ്താൻസ അറിയിച്ചു.
പൈലറ്റുമാരുടെ ശമ്പള വർദ്ധനവിനുള്ള ഓഫർ മെച്ചപ്പെടുത്തുന്നതിൽ ലുഫ്താൻസ പരാജയപ്പെട്ടുവെന്നും പൈലറ്റുമാർക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും പൈലറ്റുമാരുടെ യൂണിയൻ വെറൈനിഗംഗ് കോക്ക്പിറ്റ് അറിയിച്ചു. മുതിർന്ന പൈലറ്റുമാർക്ക് 5% വർദ്ധനവും പുതിയതായി തൊഴിൽ ആരംഭിക്കുന്നവർക്ക് 18% വർദ്ധനവുമെന്നരീതിയിൽ കമ്പനി 900 യൂറോയുടെ (US$900) ഒറ്റത്തവണ വർദ്ധനവ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ലുഫ്താൻസ പറയുന്നു. എന്നാൽ , ഈ വർഷം 5.5% വർദ്ധനവും 2023-ൽ പണപ്പെരുപ്പത്തിന് ആനുപാതികമായ വർദ്ധനവും വേണമെന്നാണ് യൂണിയന്റെ ആവശ്യം.