മോണ്‍ട്രിയലില്‍ ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കല്‍ രോഗം ബാധിച്ച് നാല് പേര്‍ മരിച്ചതായി മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. ലാച്ചിനിലെ ലെസ് റെസിഡന്‍സ് ഫ്‌ളോറലീസ് എന്ന പ്രൈവറ്റ് സീനിയേഴ്‌സ് റെസിഡന്‍സി(ആര്‍പിഎ)ലാണ് സ്‌ട്രെപ്‌റ്റോകോക്കല്‍ രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഇവിടെ നിലവില്‍ ആറോളം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സംബന്ധിച്ച് മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടില്ല.
എന്നാല്‍ ലാസല്ലിലെ ലെസ് റെസിഡന്‍സ് ഫ്‌ളോറലീസ് എന്ന മറ്റൊരു സീനിയേഴ്‌സ് റെസിഡന്‍സിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ ഒരു കേസാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് സൂചന. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും രോഗം എങ്ങനെ പടര്‍ന്നു, പകര്‍ന്നതെങ്ങനെ എന്നതൊക്കെ സംബന്ധിച്ച് ഒരു എപ്പിഡെമോളജിക്കല്‍ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് വക്താവ് അറിയിച്ചു.
പനി, തൊണ്ടവേദന, മാനസിക നിലയിലെ മാറ്റം തുടങ്ങിയവയാണ് സ്‌ട്രെപ്‌റ്റോകോക്കല്‍ അണുബാധയുടെ രോഗലക്ഷണങ്ങള്‍. വയോജന കേന്ദ്രങ്ങളില്‍ ഈ രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുകയും അവരെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്യണമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ഡൊണാള്‍ഡ് വിന്‍ പറയുന്നു.
ഇതാദ്യമായല്ല, ഈ സീനിയേഴ്‌സ് റെസിഡന്‍സില്‍ സ്‌ട്രെപ് എ പൊട്ടിപ്പുറപ്പെടുന്നത്. 2019 ല്‍ രോഗം ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. അന്ന് അണുബാധ കണ്ടെത്തുന്നതിനും ഒരു പാന്‍ഡെമിക് പ്രോട്ടോക്കോള്‍ ആവിഷ്‌കരിക്കുന്നതിനും പദ്ധതി തയാറാക്കേണ്ടതുണ്ടെന്ന് അക്രഡിറ്റേഷന്‍ കാനഡ ലാസല്ലിലെ സീനിയേഴ്‌സ് റെസിഡന്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു. രോഗം ബാധിച്ച് നാല് പേര്‍ മരിച്ച സംഭവത്തില്‍ റെസിഡന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.