കാനഡയിലുള്ളവര്‍ ആല്‍ബെര്‍ട്ടയുടെ പ്രകൃതിസൗന്ദര്യം ഇഷ്ടപ്പെടുന്നു; എന്നാല്‍ ആളുകളെ ഇഷ്ടപ്പെടുന്നില്ല: ലെഗര്‍ പോള്‍ 

By: 600002 On: Sep 1, 2022, 8:29 AM


ആല്‍ബെര്‍ട്ടയിലെ മനോഹരമായ പ്രകൃതി സൗന്ദര്യം നുകരാനെത്തുന്ന കാനഡക്കാര്‍ക്ക് പ്രവിശ്യയിലെ ജനങ്ങളെക്കുറിച്ചും അവിടുത്തെ രാഷ്ട്രീയ വീക്ഷണങ്ങള്‍ സംബന്ധിച്ചും വലിയ മതിപ്പില്ലെന്ന് ലെഗറിന്റെ നാഷണല്‍ പോള്‍. ഓഗസ്റ്റ് 19 മുതല്‍ 21 വരെ 1,561 ഓളം പേരില്‍ ലെഗര്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ആളുകളുടെ പ്രിയപ്പെട്ട രണ്ടാമത്തെ സ്ഥലമായി(12 ശതമാനം പേര്‍) ആല്‍ബെര്‍ട്ട തെരഞ്ഞെടുക്കപ്പെട്ടു. ബീസിയാണ്( 30 ശതമാനം പേര്‍) പട്ടികയില്‍ മുന്നിലുള്ളത്. മലനിരകളും, പുഴകളാലും മനോഹരമായ പ്രവിശ്യയുടെ ഭൂപ്രകൃതിയും വന്യജീവികളുമാണ് ഇവിടെക്ക് ആളുകളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. 24 ശതമാനം പേരാണ് പ്രവിശ്യയിലെ ആക്ടിവിറ്റികളും മറ്റ് അവസരങ്ങളും കണ്ട് സന്ദര്‍ശനത്തിന് വരാന്‍ ആഗ്രഹിക്കുന്നവര്‍. 

അതേസമയം, 47 ശതമാനം പേര്‍ ആല്‍ബെര്‍ട്ട ഇഷ്ടമില്ലാത്തവരാണെന്ന് പ്രതികരിച്ചു. അതിനുള്ള കാരണമായി ഇവര്‍ ചൂണ്ടിക്കാണിച്ചത് പ്രവിശ്യയിലെ ആളുകളുടെ പെരുമാറ്റമാണ്. 19 ശതമാനം പേര്‍ പറയുന്നത് പ്രവിശ്യയില്‍ വരുന്നത് വിരസമായി തോന്നുന്നുവെന്നാണ്. ആല്‍ബെര്‍ട്ട സര്‍ക്കാരും ജനങ്ങളും കാനഡയില്‍ തങ്ങളെത്തന്നെ അവതരിപ്പിക്കുന്ന രീതിയായിരിക്കാം ചില പ്രതികൂല പ്രതികരണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ലിസ യങ് പറയുന്നു.  

മാധ്യമങ്ങളില്‍ ആല്‍ബെര്‍ട്ടയെ സംബന്ധിച്ച് വരുന്ന ചില വാര്‍ത്തകളും അനുകൂലമാകുന്നില്ലെന്ന് ലെഗര്‍ എക്‌സിക്യുട്ടീവ് വൈസ്-പ്രസിഡന്റ് ആന്‍ഡ്രു എന്‍സ് പറയുന്നു. ഈയുടത്ത് ഗ്രാന്‍ഡ് പ്രെയറിയില്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെതിരെ നടന്ന അധിക്ഷേപ സംഭവങ്ങളും ആല്‍ബെര്‍ട്ടയുടെ പേരിനെ കളങ്കപ്പെടുത്തതുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകര്‍ഷണീയമായ പ്രകൃതി ദൃശ്യങ്ങള്‍ മാത്രം കണ്ട് പ്രവിശ്യയിലേക്ക് വരുന്നവരാണ് മിക്കവരും. എന്നാല്‍ ജനങ്ങളുടെ പെരുമാറ്റ രീതിയും രാഷ്ട്രീയ നിലപാടുകളും പ്രവിശ്യയെ ജനപ്രിയമല്ലാതെ ആക്കുന്നു.