കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷണങ്ങള്‍ തടയുന്നതിനുള്ള പ്രായോഗിക രീതിയുമായി മുന്നോട്ട് വരുന്ന സംരഭകനോ സംഘടനകള്‍ക്കോ 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഡ്മന്റണ്‍ പോലീസ്. മോഷണം നടത്തുന്നവരെ പിടികൂടലും നിയമനടപടി സ്വീകരിക്കുന്നതും ആത്യന്തികമായി ഇതിനൊരു പരിഹാരമാവുകയില്ല. മോഷണം തടയുന്നതിനായി എന്തെങ്കിലും വ്യത്യസ്തമായ മാര്‍ഗം ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് എഡ്മന്റണ്‍ പോലീസ് ചീഫ് ഡെയ്ല്‍ മക്ഫീ മാധ്യമങ്ങളോട് പറഞ്ഞു.
മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ അല്ലെങ്കില്‍ കണ്‍വെര്‍ട്ടര്‍ സീരിയലൈസ് ചെയ്യല്‍ തുടങ്ങിയ ചില ബാന്‍ഡ്-എയ്ഡ് പരിഹാരങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ മോഷ്ടിച്ച കണ്‍വെര്‍ട്ടര്‍ മാറ്റി സ്ഥാപിക്കേണ്ടതിന്റെ ചെലവിന് ഇത് പരിഹാരമാവുകയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനാലാണ് മറ്റേതെങ്കിലും വഴി കണ്ടെത്താന്‍ പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്യൂണിറ്റി സൊല്യൂഷന്‍സ് ആക്‌സിലറേറ്റര്‍(സിഎസ്എ) എന്ന പേരില്‍ എഡ്മന്റണ്‍ പോലീസ് ഫൗണ്ടേഷന്‍(ഇപിഎഫ്) നടത്തുന്ന പ്രോഗ്രാം ഏറ്റെടുത്തിരിക്കുന്ന ആദ്യ ചലഞ്ചാണിത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആല്‍ബെര്‍ട്ടയില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷണങ്ങള്‍ 219 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍. എഡ്മന്റണില്‍ മാത്രം 2,500 ല്‍ അധികം കണ്‍വെര്‍ട്ടറുകളാണ് മോഷ്ടിക്കപ്പെട്ടത്. വിലയേറിയ കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകളില്‍ വന്‍ തുകയ്ക്ക് വില്‍ക്കുകയാണ് മോഷ്ടാക്കള്‍ ചെയ്യുന്നത്.
എഡ്മന്റണ്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ചലഞ്ച് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും https://www.herox.com/catalytic/guidelinse എന്ന ലിങ്കില്‍ ലഭ്യമാണ്.