ഡോളര്‍ സ്‌റ്റോര്‍ ഉല്‍പ്പന്നങ്ങളില്‍ വിഷ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് എണ്‍വയോണ്‍മെന്റല്‍ ഡിഫന്‍സ്

By: 600002 On: Sep 1, 2022, 7:16 AM


ലെഡ്, കാഡ്മിയം തുടങ്ങിയ വിഷ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാനഡയിലുള്ള ജനപ്രിയ ഡോളര്‍ സ്‌റ്റോറുകളില്‍ എണ്‍വയോണ്‍മെന്റല്‍ ഡിഫന്‍സ് പരിശോധന നടത്തി. ഡോളര്‍ ട്രീ, ഡോളറാമ സ്‌റ്റോറുകളിലെ ഉല്‍പ്പന്നങ്ങളില്‍ നടത്തിയ പരിശോധനകള്‍ സംബന്ധിച്ച് വിശകലനം ചെയ്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കി. സ്‌റ്റോറുകളില്‍ പരിശോധിച്ച നാലിലൊന്ന് ഉല്‍പ്പന്നങ്ങളില്‍ കനേഡിയന്‍ എണ്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിഷവസ്തുക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ രാജ്യത്തിന് കൂടുതല്‍ സുതാര്യമായ സംവിധാനം ആവശ്യമാണെന്നതിലേക്കാണ് ഈ പരിശോധനാ ഫലം വിരല്‍ചൂണ്ടുന്നത്. 

ഉല്‍പ്പന്നങ്ങളില്‍ മിക്കതും അനുവദനീയമായ പരിധി കടന്നാണ് രാസവസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് സ്‌റ്റോറുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ചില സ്റ്റീരിയോ ഹെഡ്‌ഫോണുകളിലെ പുറം വളയത്തില്‍ ലെഡിന്റെ നിയമപരമായ പരിധിയുടെ 24 മടങ്ങും കാഡ്മിയത്തിന്റെ നിശ്ചിത പരിധിയുടെ അഞ്ചിരട്ടിയും ഉണ്ടെന്ന് കണ്ടെത്തി. ഈ ഉല്‍പ്പന്നങ്ങള്‍ തകരുകയോ ക്ഷയിക്കുകയോ ചെയ്താല്‍ അന്തര്‍ഭാഗത്തുള്ള ലെഡ് അപ്പോഴും പുറത്തുതന്നെയിരിക്കുമെന്ന് എണ്‍വയോണ്‍മെന്റല്‍ ഡിഫന്‍സ് പറയുന്നു. 

കുട്ടികള്‍ ലെഡ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴാണ് കൂടുതല്‍ അപകടം. അവരുടെ കയ്യിലിരുന്ന് അവ തകരുമ്പോള്‍ ലെഡിന്റെ വിഷാംശം പുറത്തേക്ക് വരാന്‍ തുടങ്ങും. ഇത് കുട്ടികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ലെഡ് കുട്ടികളുടെ വളര്‍ച്ചയെ തന്നെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. വൈജ്ഞാനികവും വികാസപരവുമായ കാലതാമസം കുട്ടികളിലുണ്ടാക്കും. കൂടാതെ മുതിര്‍ന്നവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും വൃക്ക തകരാറിനും ലെഡ് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. അതിനാല്‍ ഗ്യാസോലിന്‍, ഫുഡ് ക്യാനുകള്‍, പെയിന്റ് എന്നിവയില്‍ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബാറ്ററികളിലും കോട്ടിംഗുകളിലും പ്ലാസ്റ്റിക് സ്റ്റെബിലൈസറുകളിലും പലപ്പോഴും കാണപ്പെടുന്ന കാഡ്മിയം കാന്‍സറിനു കാരണമാകുന്ന രാസവസ്തുവാണ്. 

പരിശോധന നടത്തിയ ഡോളര്‍ ട്രീ, ഡോളറാമ എന്നിവയുള്‍പ്പെടെയുള്ള സ്റ്റോറുകളില്‍ എണ്‍വയോണ്‍മെന്റ് ഡിഫന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് അമേരിക്കയില്‍ നടന്ന സമാനമായ പരിശോധനയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് 17 ഓളം മാരകമായ രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ പ്രേരിപ്പിച്ചതായി ഡോളര്‍ ട്രീ പ്രതികരിച്ചു. ഉപഭോക്തൃ ഉല്‍പ്പന്ന സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഡോളറാമ പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഉല്‍പ്പന്ന സുരക്ഷയും ഗുണനിലവാരവും നിരീക്ഷിക്കുന്നതിന് തങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളും സംവിധാനങ്ങളുമുണ്ടെന്ന് കമ്പനി വ്യക്തമാക്കി.