കാനഡയില്‍ 17,000 പുതിയ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഫെഡറല്‍ ഗവണ്‍മെന്റിന്റെ അഫോര്‍ഡബിള്‍ ഇന്നൊവേഷന്‍ ഫണ്ടിന്റെ റെന്റ് ടു ഓണ്‍ പ്രോഗ്രാം, റാപ്പിഡ് ഹൗസിംഗ് ഇനീഷ്യേറ്റീവിന്റെ മൂന്നാം ഘട്ടം ഉള്‍പ്പെടെയുള്ള പ്രോജക്ടുകളുടെ ഭാഗമായാണ് വീടുകള്‍ നിര്‍മിക്കുന്നത്.
ആയിരക്കണക്കിന് പുതിയ യൂണിറ്റുകള്‍ നിര്‍മിക്കുന്നതിന് മൂന്ന് പ്രൊജക്ടുകള്‍ക്ക് 2 ബില്യണ്‍ ഡോളറിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവയില്‍ പലതും താങ്ങാനാവുന്ന യൂണിറ്റുകളായി രൂപാന്തരപ്പെടുത്തും. പ്രഖ്യാപിച്ച 2 ബില്യണ്‍ ഡോളറില്‍ കഴിഞ്ഞ രണ്ട് ഫെഡറല്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച ധനസഹായം ഉള്‍പ്പെടുന്നു.
അഫോര്‍ഡബിള്‍ ഹൗസിംഗ് ഇന്നൊവേഷന്‍ ഫണ്ടിന്റെ ഭാഗമായി 10,800 പുതിയ വീടുകള്‍ നിര്‍മിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്ഡറ് പദ്ധതിയിട്ടിട്ടുണ്ടെന്നും അതില്‍ 6,000 എണ്ണം താങ്ങാനാകുന്ന യൂണിറ്റുകളായി മാറ്റിയെടുക്കുമെന്നും കിച്ച്‌നറില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷത്തെ റെന്റ്-ടു-ഓണ്‍ ഇനിഷ്യേറ്റീവിലേക്കുള്ള അപേക്ഷകള്‍ അയച്ച് തുടങ്ങാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ധനസഹായത്തിനായി അപേക്ഷിക്കുന്നതിന് ഇന്നൊവേറ്റീവായ റെന്റ്-ടു-ഓണ്‍ മോഡലുകളും പ്രോജക്ടുകളും വികസിപ്പിക്കാനും പരീക്ഷിക്കാനും വിലയിരുത്താനും താല്‍പ്പര്യമുള്ള ഹൗസിംഗ് പ്രൊവൈഡര്‍മാരെ പദ്ധതി അനുവദിക്കും.