താമസിക്കാനിടമില്ലാതെ വലയുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അഭയം നല്‍കി ടിമ്മിന്‍സിലെ സിഖ് ക്ഷേത്രം 

By: 600002 On: Aug 31, 2022, 11:16 AM


രാജ്യത്ത് പോസ്റ്റ്-സെക്കന്‍ഡറി സ്‌കൂളുകളുടെ ഫാള്‍ സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തുടങ്ങുകയാണ്. എന്നാല്‍ കാനഡയിലെത്തുന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും താമസിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ പാടുപെടുകയാണ്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കുകയാണ് ടിമ്മിന്‍സിലെ ഒരു സിഖ് ക്ഷേത്രം. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സിഖ് ഗുരുദ്വാര ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങാന്‍ സ്ഥിരമായൊരു ഇടം കണ്ടെത്തുന്നതു വരെ അഭയം നല്‍കുന്നു. സെപ്റ്റംബര്‍ 7നാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. 

ഇത്തരത്തില്‍ മെയ് മാസത്തില്‍ ടിമ്മിന്‍സിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ഗുര്‍പ്രീത് സിംഗിന് അഭയം നല്‍കിയത് ഈ ഗുരുദ്വാരയായിരുന്നു. നോര്‍ത്തേണ്‍ കോളേജ് വിദ്യാര്‍ത്ഥിയായ സിംഗ് താമസിക്കാന്‍ ഒരിടം കിട്ടാനില്ലാതെ അലയുകയായിരുന്നു. അപ്പോഴാണ് ആശ്രയമായി ഗുരുദ്വാരയെ സമീപിച്ചത്. ഒരിടം കിട്ടുന്നതു വരെ സിംഗ് അവിടെ താമസിച്ചു. ഇപ്പോള്‍ സെഡാര്‍ സ്ട്രീറ്റ് സൗത്ത് അപ്പാര്‍ട്ട്‌മെന്റില്‍ മറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താമസിക്കുകയാണ് സിംഗ്. ടിമ്മിന്‍സില്‍ പുതിയതായി എത്തുന്നവര്‍ക്ക് വലിയൊരാശ്രയമാണ് ഈ ഗുരുദ്വാരയെന്ന് സിംഗും മറ്റ് വിദ്യാര്‍ത്ഥികളും പറയുന്നു. 

വീട്ടില്‍ നിന്നും മാറിനില്‍ക്കുന്നതിന്റെ മാനസികവേദന മറികടക്കാന്‍, ഗൃഹാതുരത്വമില്ലാതാക്കാന്‍ മിക്ക വിദ്യാര്‍ത്ഥികളും ഇവിടെ താമസിക്കാനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഗുരദ്വാരയില്‍ താമസിച്ചവര്‍ അഭിപ്രായപ്പെടുന്നു. 

ബഹദൂര്‍ സിംഗ് ബെയ്ന്‍സ്, കന്‍വാല്‍ജിത് കൗര്‍ ബെയ്ന്‍സ് എന്നിവരാണ് ഗുരുദ്വാരയുടെ ഉടമകള്‍. ക്ഷേത്രത്തിന്റെ രണ്ടാം നിലയില്‍ അഞ്ച് മുറികളുണ്ട്. ഒരു മുറിയില്‍ നാല് പേര്‍ക്ക് വീതം താമസിക്കാന്‍ കഴിയും. ആളുകള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം ഇവിടെ കഴിയാം എന്നതാണ് സവിശേഷത. കിടക്കയും ഭക്ഷണവും കുടിവെള്ളവും ഇവിടെ ആളുകള്‍ക്ക് വേണ്ടുവോളം നല്‍കുന്നു. ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാന്‍ സാധിക്കുന്നൊരിടമാണ് ഈ ഗുരുദ്വാരയെന്ന് ഇവിടുള്ളവര്‍ പറയുന്നു.