സ്‌കൂളുകള്‍ തുറക്കുന്നു: ഞായറാഴ്ച മുതല്‍ സര്‍വീസ് വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി ടിടിസി 

By: 600002 On: Aug 31, 2022, 10:03 AM

 

അടുത്തയാഴ്ച മുതല്‍ വിദ്യാലയങ്ങള്‍ തുറക്കുകയും ലേബര്‍ ഡേയ്ക്ക് ശേഷം ഓഫീസുകള്‍ സജീവമാകുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 4 ഞായറാഴ്ച മുതല്‍ പൊതുഗതാഗത സംവിധാന സേവനങ്ങള്‍ ടിടിസി(ടൊറന്റോ ട്രാന്‍സിറ്റ് കമ്മീഷന്‍) വര്‍ധിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വരും ആഴ്ചകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജനങ്ങള്‍ക്കായുള്ള സേവനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണെന്ന് ട്രാന്‍സിറ്റ് ഏജന്‍സി വ്യക്തമാക്കി. 

വേനല്‍ക്കാലത്തുടനീളം റൈഡര്‍ഷിപ്പ് 55 ശതമാനം മുതല്‍ 60 ശതമാനം വരെയാണെന്ന് ടിടിസി പറയുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ ഒഴികെ, വരും ആഴ്ചകള്‍ക്കുള്ളിലോ മാസങ്ങള്‍ക്കുള്ളിലോ റൈഡര്‍ഷിപ്പില്‍ 10 ശതമാനം വരെ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാന്‍ഡെമിക്കിനു ശേഷം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സുരക്ഷിതവും വൃത്തിയുള്ളതുമായ സേവന സംവിധാനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യാന്‍ ടിടിസി പൂര്‍ണമായും തയാറെടുത്തിരിക്കുകയാണെന്ന് ടിടിസി സിഇഒ റിക്ക് ലിയറി പറഞ്ഞു. 

സേവന വിപുലീകരണത്തിന്റെ ഭാഗമായി പ്രത്യേകം കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുന്നതുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ടിടിസി വര്‍ധിപ്പിക്കുന്നുണ്ട്. പല റൂട്ടുകളിലും അധിക സര്‍വീസുകള്‍ ആരംഭിക്കുക, മുന്‍നിര ജീവനക്കാരെ നിയമിക്കുക, ശുചിത്വം ഉറപ്പാക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങി നിരവധി സേവനങ്ങളില്‍ ടിടിസി ശ്രദ്ധ കേന്ദ്രീകരിക്കും. 

1, 2 ലൈനുകളില്‍ മൂന്ന് മിനുട്ട് ട്രെയിന്‍ സര്‍വീസ് പുന:സ്ഥാപിക്കുക, 29 ബസ് റൂട്ടുകളിലും രണ്ട് സ്ട്രീറ്റ് കാര്‍ റൂട്ടുകളിലും സര്‍വീസ് വര്‍ധിപ്പിക്കുക, നെറ്റ്‌വര്‍ക്കിലുടനീളം പോസ്റ്റ്-സെക്കന്‍ഡറി സേവനങ്ങള്‍ പുന:സ്ഥാപിക്കുക തുടങ്ങി സെപ്റ്റംബര്‍ 4 മുതല്‍ നിരവധി മാറ്റങ്ങളാണ് ടിടിസിയിലുണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു.