പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് ബീച്ചില്‍ 300 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

By: 600002 On: Aug 31, 2022, 7:57 AM


പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്(പിഇഐ) ബീച്ചില്‍ നിന്നും 300 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി. ബീച്ചിലൂടെ നടക്കുകയായിരുന്ന പിഇഐ സ്‌കൂള്‍ അധ്യാപികയായ ലിസ കോര്‍മിയര്‍ ആണ് കേപ് എഗ്മോണ്ടിലെ ബീച്ചില്‍ നിന്നും ഫോസില്‍ കണ്ടെത്തിയത്. 

നടക്കുന്നതിനിടയില്‍ എന്തോ അപരിചിതമായ സാധനം കണ്ടു. സൂക്ഷിച്ച് നോക്കിയപ്പോള്‍ വാരിയെല്ലുകളും നട്ടെല്ലും തലയോട്ടിയും കണ്ടുവെന്ന് കോര്‍മിയര്‍ പറയുന്നു. ഉടന്‍ ഗവേഷകരെ വിവരമറിയിച്ചു. 

ബീച്ചില്‍ നിന്നും ഇതുവരെ രണ്ട് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. അസ്ഥികള്‍ അവയുടെ സ്വാഭാവിക ക്രമീകരണത്തില്‍ ഒരുമിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നതായാണ് കണ്ടെത്തിയത്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്‌സ് കടല്‍ത്തീരങ്ങള്‍ക്കും പാറക്കെട്ടുകള്‍ക്കും പേരുകേട്ടതാണ്. ഈ പാറക്കെട്ടുകളാണ് പ്രവിശ്യയില്‍ ഫോസിലുകള്‍ കണ്ടെത്താനുള്ള കാരണം.

ലിസ കോര്‍മിയര്‍ കണ്ടെത്തിയത് ഒരു ദിനോസറിന്റെ ഫോസില്‍ അല്ലെന്ന് വിദഗ്ധര്‍ പറയുന്നു. പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപില്‍ ദിനോസര്‍ ഫോസിലുകളൊന്നുമില്ല. അടിസ്ഥാനപരമായി, എല്ലാ പാറകളും ദിനോസറുകളേക്കാള്‍ ഏകദേശം 60 ദശലക്ഷം വര്‍ഷം പഴക്കമുള്ളതാണ്. പക്ഷേ 300 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകള്‍ ആയിരിക്കാം ഇപ്പോള്‍ കണ്ടെത്തിയതെന്ന് പ്രീഹിസ്റ്റോറിക്ക് ടൂര്‍ ഓണര്‍ ലോറ മക്‌നീല്‍ പറയുന്നു.

ഫോസില്‍ ഒരു പുതിയ ഇനമാണെന്ന് കണ്ടെത്തിയാല്‍, അതിന് കോര്‍മിയറിന്റെ പേരിടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.