2023 ല്‍ കാനഡയിലെ ഭവന വിലകളില്‍ 25 ശതമാനം ഇടിവുണ്ടാകുമെന്ന് ടിഡി ബാങ്ക് 

By: 600002 On: Aug 31, 2022, 7:36 AM


2023 ന്റെ ആദ്യ പാദത്തില്‍ കാനഡയിലെ ഒരു വീടിന്റെ ശരാശരി വില  20 മുതല്‍ 25 ശതമാനം വരെ കുറയുമെന്ന് ടിഡി ബാങ്ക് റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ വീടുകളുടെ വില്‍പ്പനയില്‍ 35 ശതമാനം കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മോര്‍ട്ട്‌ഗേജും പലിശനിരക്കും ഉയര്‍ന്നതിനാല്‍ വേനല്‍ക്കാലത്ത് വിലയില്‍ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറിക്കിയിരിക്കുന്നത്. ഫാള്‍ സീസണിലും വിന്റര്‍ സീസണിലും ഈ വിലയിടിവ് തുടരുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്. 

ദേശീയ ഭവന വിലയിലെ ഇടിവ് പാന്‍ഡെമിക്കിന്റെ കാലയളവിലെ 46 ശതമാനം നേട്ടം ഭാഗികമായി വീണ്ടെടുക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം,  കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്റെ(CREA) ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് ജൂലൈയില്‍ വില 629,971 ഡോളറിലെത്തിയെന്നാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 662,924 ഡോളറില്‍ നിന്നും 5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

വിപണിയുടെ പുനര്‍നിര്‍ണയം എന്ന് ഈ വിലയിടിവിനെ വിശേഷിപ്പിക്കാമെന്ന് ടിഡി സാമ്പത്തിക വിദഗ്ധന്‍ ഋഷി സോന്ധി പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഭവന നിര്‍മാണത്തിനായുള്ള കാഴ്ചപ്പാടില്‍ ബാങ്ക് കൂടുതല്‍ പോസിറ്റീവായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരണം ജനസംഖ്യാ വളര്‍ച്ച ഉണ്ടാകുന്നുണ്ടെന്ന് പ്രവചിക്കുന്നു. ഇത് ഭവന നിര്‍മാണത്തിനുള്ള അടിസ്ഥാന ആവശ്യകതയെ ശക്തമാക്കുന്നു.