ഒന്റാരിയോ ഹോട്ടലില്‍ ഭക്ഷ്യവിഷബാധ: 12 ഓളം പേര്‍ ആശുപത്രിയില്‍; വിഷബാധയ്ക്ക് കാരണം അക്കോണൈറ്റ്

By: 600002 On: Aug 31, 2022, 7:10 AM

 

ഒന്റാരിയോയിലെ മാര്‍ഖാമിലുള്ള ഒരു റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേറ്റു. കഴിഞ്ഞ വാരാന്ത്യത്തില്‍ കാസില്‍മോര്‍ അവന്യൂ, മാര്‍ക്കം റോഡിലുള്ള ഡിലൈറ്റ് റെസ്‌റ്റോറന്റ് ആന്‍ഡ് ബാര്‍ബിക്യുവില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. വിഷബാധയേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 

വിഷബാധയ്ക്ക് കാരണം അക്കോണൈറ്റ് എന്ന വിഷവസ്തുവാണെന്ന് സംശയിക്കുന്നതായി യോര്‍ക്ക് റീജിയണിലെ മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. ബാരി പേക്‌സ് പറഞ്ഞു. ഈ വിഷവസ്തു വിവിധ ഔഷധ സസ്യങ്ങളിലോ വേരുകളിലോ പ്രത്യേകിച്ച് പുഷ്പത്തിലോ ആണ് കാണപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്‌സ്മികമായി മറ്റ് വസ്തുക്കളുമായി ചേര്‍ന്നാലോ  അല്ലെങ്കില്‍ മന:പൂര്‍വ്വമായോ വിഷം കലരാം. എന്നാല്‍ റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേറ്റത് മന:പൂര്‍വ്വമാണെന്ന് വിശ്വസിക്കാന്‍ കാരണങ്ങളൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അക്കോണൈറ്റ് ശരീരത്തിനുള്ളില്‍ ചെന്നാല്‍ മാരകമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് വയറിളക്കം, ഹൃദയാഘാതം, അല്ലെങ്കില്‍ വര്‍ധിച്ച ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകും. 

സംഭവത്തെ തുടര്‍ന്ന് റെസ്റ്റോറന്റ് അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. റെസ്റ്റോറന്റില്‍ നിന്നും ഓഗസ്റ്റ് 27, 28 തിയതികളില്‍ ഡൈന്‍-ഇന്‍, ടേക്ക്ഔട്ട്, ഡെലിവറി എന്നിവ നടത്തിയ ആളുകളുള്‍പ്പെടെ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരും രോഗലക്ഷണങ്ങളുള്ളവരും ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു. 

റെസ്‌റ്റോറന്റ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മെയ് മാസത്തില്‍ ആരോഗ്യ പരിശോധന പൂര്‍ത്തിയായതായിട്ടുള്ള രേഖകള്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.