മുൻ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു

By: 600007 On: Aug 30, 2022, 10:40 PM

ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. വാർദ്ധഖ്യ സഹജമായ അസുഖങ്ങൾ മൂലം മോസ്‌കോയിലെ ആശുപത്രിയിൽ  ചികത്സയിലിരിക്കവേയായിരുന്നു അന്ത്യം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയുമായി ആയുധം കുറയ്ക്കൽ കരാറുകളും പാശ്ചാത്യ ശക്തികളുമായുള്ള പങ്കാളിത്തവും ഉണ്ടാക്കി യൂറോപ്പിനെ വിഭജിച്ച ഇരുമ്പുമറ നീക്കം ചെയ്യാനും ജർമ്മനിയുടെ പുനരേകീകരണം കൊണ്ടുവരാനും കഴിഞ്ഞ സോവിയറ്റ് നേതാവായിരുന്ന ഗോർബച്ചേവ്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിന്റെ സംസ്കാരം നടത്തും. 

സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതല്‍ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമത്തിന്റെ പരിണിതഫലമായാണ്  1991 ല്‍ സോവിയറ്റ് യൂണിയൻ വിഘടിതമായത്. 1990 ല്‍ സമാധനാത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഗോർബച്ചേവിന് ലഭിച്ചിട്ടുണ്ട്. 952 ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം നടത്തുമ്പോഴാണ് ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ ആകൃഷ്ടനാവുന്നത്. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിയിരുന്നു.

ലോകം കണ്ട ശക്തരായ നേതാക്കന്മാരിൽ ഒരാളായിരുന്ന ഗോർബച്ചേവിന്റെ നിര്യാണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡെമിർ പുടിൻ ഉൾപ്പടെയുള്ള ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.