'നിനക്കെന്നെ വിവാഹം കഴിക്കാൻ കഴിയുമോ..?' ന്യൂജെൻ മാര്യേജ്: പാർട്ട് -2

By: 600009 On: Aug 30, 2022, 5:12 PM

ആനി ലോനപ്പൻ, എൻ്റെ ഫ്ലാറ്റിലെത്തിയപ്പോൾ സമയം ഉച്ചതിരിഞ്ഞ് നാലു മണി കഴിഞ്ഞിരുന്നു. അവൾ പറഞ്ഞ സമയത്ത് തന്നെ എത്തി. അവളുടെ ഇന്നോവാ കാർ ഫ്ലാറ്റിനോട് ചേർത്ത് മരത്തണലിൽ നിർത്തി. അവൾ കടന്നു വരുന്നതും നോക്കി ഞാൻ നിന്നു. പഴയ സൗന്ദര്യത്തിന് ഒട്ടും കോട്ടം തട്ടിയിട്ടില്ലായെന്ന് ഓർത്തു. അന്നൊരു തണുത്ത സായാഹ്നത്തിൻ്റെ പ്രതീതിയായിരുന്നു. ആകാശം നിറയെ കാർമേഘങ്ങൾ നിറഞ്ഞു കിടന്നു. നല്ലൊരു മഴക്കുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. കാറ്റും മഴയും, എൻ്റെ മനസ്സിനെന്നും കുളിമ തന്നിട്ടുണ്ട്. അവളുടെ വരവ് എന്തോ, മനസ്സിനൊരു സന്തോഷമായി തോന്നി. ഒരു കാലത്ത് പ്രണയിക്കാൻ മോഹിച്ച ആനി ലോനപ്പൻ എന്ന പെൺകുട്ടിയെ മനസ്സിൽ കണ്ടു. കുസൃതിയായ കോളെജിലെ സുന്ദരി. ആനി ലോനപ്പൻ അന്നെല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. രാഷ്ട്രീയമായ പിടിപാടുള്ള കുടുംബത്തിൽ നിന്ന് വന്നവൾ, അതായിരിക്കാം, അവളോട് ടീച്ചേഴ്സിനു പോലും വാത്സല്യം തോന്നിയിരുന്നത്. ഞാനവളെ അകത്തേക്ക് ക്ഷണിച്ചിരുത്തി കൊണ്ട് ചോദിച്ചു,

"ചായയോ കാപ്പിയോ എടുക്കേണ്ടത്. എന്താ വേണ്ടതെന്ന് പറഞ്ഞാൽ എല്ലാം റെഡി, കള്ള് വേണമെങ്കിൽ അതും ഉണ്ട്. ആദ്യമായി എൻ്റെ ഫ്ലാറ്റിൽ വന്നതല്ലേ? ആതിഥ്യമര്യാദ ഒട്ടും കുറക്കുന്നില്ല."

"എനിക്ക് ഒന്നും വേണ്ട, ഒരു ഗ്ലാസ് വെള്ളം മാത്രം മതി" ആനി പറഞ്ഞു.

വെള്ളം കൊടുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു "നിനക്കെന്താ എന്നോട് ഇത്രക്ക് സ്വകാര്യമായി പറയാനുള്ളത്, കേൾക്കാൻ ധൃതിയായി. "

അവൾ എടുത്ത വായിൽ പറഞ്ഞു "നിനക്കെന്നെ വിവാഹം കഴിക്കാൻ കഴിയുമോ..? നിന്നെ ഞാൻ അത്രമാത്രം ഇഷ്ടപ്പെടുന്നു. പണ്ട് നീ എന്നെ സ്നേഹിച്ചിരുന്നതല്ലേ? ഇപ്പോളും ആ സ്നേഹം നഷ്ടപ്പെട്ടു കാണില്ലായെന്ന് ഞാൻ കരുതട്ടെ. ഒരു വിവാഹം കഴിച്ച് ഡിവോഴ്സ് ആയി എന്നുള്ളത് സത്യമാണ്. അത് അങ്ങനെ സംഭവിച്ചു പോയതാണ്."

എനിക്ക് ഉത്തരം മുട്ടിപ്പോയി. "ഇതൊക്കെ പറയുന്നതിന് അതിൻ്റെതായ രീതിയില്ലേ ആനി ... ബാറിൽ വെച്ച് കണ്ടു, രണ്ടുവർത്തമാനം പറഞ്ഞുയെന്നല്ലാതെ, അഞ്ചു വർഷത്തിനിടയിൽ നമ്മൾ രണ്ടു കൂട്ടർക്കും, എന്തൊക്കെ സംഭവിച്ചുവെന്ന് അറിയേണ്ടെ..? അറ്റ്ലീസ്റ്റ് എൻ്റെ അവസ്ഥയെന്താണ്, എന്നെങ്കിലും നിനക്ക് അറിയേണ്ടെ? ഞാൻ എങ്ങനെയാണ് ഈ നാട്ടിൽ ജീവിച്ചത് എന്നെങ്കിലും അറിയാൻ മോഹമില്ലേ?"

എൻ്റെ ചിന്ത പല വഴിക്ക് പോയി, അവളെപ്പറ്റിയൊരു ധാരണയെനിക്കിപ്പോൾ ഇല്ല. പ്രണയ അഭ്യർത്ഥനയല്ലല്ലോയിത്. ഞാൻ നിന്നെ, ഇന്നും പ്രണയിക്കുന്നുയെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. ഞാൻ നിന്നെ വിവാഹം കഴിക്കാൻ മോഹിക്കുന്നുയെന്ന് പറയുന്നതിൻ്റെ അർത്ഥം എന്താണ്, എനിക്കൊന്നും മനസ്സിലായില്ല. പണമുള്ളവർക്ക് എന്ത് തോന്ന്യാസവും കാണിക്കാമെന്നാണോ അവൾ പറഞ്ഞു വരുന്നത്. ഞാൻ മാനവും മര്യാദയും അനുസരിച്ച് ജീവിക്കുന്നയാളാണ്. എന്നെവൾ വിലക്കെടുക്കാൻ നോക്കുന്നോ? അതും രണ്ടാം വിവാഹത്തിന്. ഞാൻ പറഞ്ഞു,

"നീ എന്താണ് ഉദ്ദേശിക്കുന്നത്. വിവാഹം ഒരു കച്ചവടമാണന്നാണോ? കച്ചവട ചരക്കല്ലാ ഞാൻ. നിങ്ങൾക്കൊക്കെ എന്തുമാകാം, എന്തും പറയാം. ഈ വക കാര്യങ്ങൾ ഇങ്ങനെയാണോ പറയേണ്ടത്. അതിന് അതിൻ്റേതായ രീതിയില്ലേ? ഞാൻ വെറുമൊരു പഴമൂഞ്ഞിയാണന്ന് കരുതിയോ? കാര്യം ഞാൻ ദരിദ്രനാണ്, നിന്നെ പോലെ സമ്പന്നയല്ല, അതു കൊണ്ട് എന്തും പറയാമെന്ന് കരുതരുത്."

അവൾ പറഞ്ഞു "അതേ കച്ചവടം. നീയെന്നെ വിവാഹം കഴിച്ചാൽ ഇനാമായി പത്തുകോടി രൂപ ഞാൻ തരും. അത് നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാം. പക്ഷെ ഒറ്റ കണ്ടീഷൻ, നമുക്കൊരു കുട്ടി ജനിക്കുന്നതു വരെ ഈ വിവാഹത്തിന് ആയുസ്സുള്ളു. അതു കഴിഞ്ഞാൽ നമ്മൾ പിരിയും. നീ ആലോചിച്ച് ഉത്തരം പറഞ്ഞാൽ മതി. എൻ്റെ ഈ കണ്ടീഷന് നീ തന്നെ വേണമെന്ന് തോന്നി, അതാണ് ഇത്ര വലിയ തുക ഓഫർ ചെയ്യുന്നത്. നിനക്ക് സമ്മതമാണങ്കിൽ പെട്ടെന്ന് അറിയിക്കണം. അല്ലെങ്കിൽ എനിക്ക് മറ്റേതെങ്കിലും വഴി നോക്കേണ്ടി വരും."

"എനിക്കൊന്നും മനസ്സിലാവുന്നില്ല ആനി, ഇപ്പോളും നിൻ്റെ കുട്ടിക്കളി മാറിയിട്ടില്ലേ?  നീ തമാശ കളിക്കുകയാണോ? ഒരാളെ വിവാഹം കഴിച്ച് അഞ്ചു വർഷം കഴിഞ്ഞ് ഡിവോഴ്സ് ആകുക, മറ്റൊരാളെ കണ്ടീഷൻ വെച്ച് വിവാഹം കഴിക്കുക, ഇതൊക്കെയെന്തിൻ്റെ പുറപ്പാടാണ്."

"അയാളിൽ നിന്നും എനിക്ക് കുട്ടികൾ ജനിച്ചില്ല. അതിനുള്ള കഴിവും അയാൾക്കില്ല, ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. അല്ലെങ്കിൽ അയാളെപ്പോലെയുള്ള ഒരാളുടെ കുഞ്ഞിനെ വളർത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്താ നിനക്ക് കഴിയുമോ ഇല്ലയോയെന്ന് മാത്രം അറിഞ്ഞാൽ മതി. എനിക്ക് എൻ്റെ സ്വത്തിന് ഒരവകാശി വേണം. അത് എൻ്റെ വയറ്റിൽ ജനിച്ച കുട്ടിയായിരിക്കണം. അത്രയേ ഞാനിപ്പോൾ ആലോചിക്കുന്നുള്ളു. അത് നിൻ്റെ ബീജത്തിലായിരുക്കുമ്പോൾ ഉത്തമമായിരിക്കുമെന്ന് തോന്നി, ഇതെൻ്റെ ആഗ്രഹമാണ്, എൻ്റെ ആഗ്രഹം ഞാനെവിടെയും തുറന്ന് പറയും, നിനക്ക് സാധിക്കുമെങ്കിൽ മാത്രം സമ്മതം മൂളിയാൽ മതി. ഞാൻ നിർബന്ധിക്കുന്നില്ല. ഇത്രയും പണം കൊടുക്കാതെ തന്നെ, ഈ സമൂഹത്തിൽ അനുയോജ്യമായ ഒരാളെ കണ്ടെത്താനാവുമെന്ന് എനിക്കറിയാം. പക്ഷെ, എനിക്ക് നീ തന്നെ വേണമെന്നൊരു തോന്നൽ. നിന്നെക്കുറിച്ച് കൂടുതൽ ഞാൻ അന്വേഷിച്ചു. നീ അവിവാഹിതനാണന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി, അത്രേയുള്ളൂ."

പത്തുകോടിയെന്നു കേട്ടപ്പോൾ എൻ്റെ മനസ്സൊന്ന് കോടി. അത്രയും പണം തരുന്നത് അവൾക്കൊരു പ്രശ്നമാവില്ലായെന്നറിയാം. എന്നാലും വിവാഹം കഴിക്കുക, ഒരു കുഞ്ഞ് ജനിച്ചതിനു ശേഷം ഡിവോഴ്സ് ചെയ്യുക, അത് അത്ര ഉചിതമായി തോന്നിയില്ല. ഇത്രയും പണം ജീവിതകാലം മുഴുവൻ വേലയെടുത്താൽ കിട്ടുന്നതല്ലായെന്ന് ഓർത്തപ്പോൾ സമ്മതം മൂളാൻ തോന്നി.

ഞാൻ പറഞ്ഞു " നിൻ്റെ സഹോദരൻ ബെന്നി ലോനപ്പനുമായി സംസാരിച്ചതിനു ശേഷമേ, എനിക്കൊരു തീരുമാനമെടുക്കാൻ കഴിയൂ."

"ഇവിടെ അപ്പനും അമ്മയും സഹോദരനുമായിട്ടൊരു ബന്ധവുമില്ല. ഞാൻ പണം തരുന്നു, നിന്നെ ഒരു കുട്ടിയുണ്ടാകുന്നതുവരെ വിലക്കെടുക്കുന്നു. വിവാഹം വേണ്ടെന്ന് വെക്കാമായിരുന്നു. എന്നാൽ എൻ്റെ കുഞ്ഞിന് ലീഗലായി ഒരു അപ്പൻ വേണം. അതുവരെ നീ മറ്റൊരു വിവാഹം നടത്താതിരിക്കാൻ കൂടിയാണ് ഈ വ്യവസ്ഥ.  സമ്മതമാണങ്കിൽ നമ്മൾ എഗ്രിമെൻ്റ് ചെയ്യും, അല്ലെങ്കിൽ ഈ ഡീൽ ഇവിടെ വെച്ച് നിർത്തും. ആലോചിച്ച് ഒരാഴ്ചക്കുള്ളിൽ ഉത്തരം പറഞ്ഞാൽ മതി."

"എനിക്ക് ആലോചിക്കണം, എന്തൊക്കെയാണീ പറഞ്ഞു വരുന്നത്. നീ പറയുന്നതുപോലെ തുള്ളാൻ എന്നെ കിട്ടില്ല. നിൻ്റെ സഹോദരൻ ബെന്നിയുമായി ആലോചിക്കാതെ ഒരു ഡീലുമില്ല. അയാൾ നിൻ്റെ സഹോദരൻ മാത്രമല്ല, എൻ്റെ പഴയ ബോസു കൂടിയാണ്. നമ്മളുടെ ഡീൽ മദ്ധ്യസ്ഥനില്ലാതെ എങ്ങനെ ശരിയാകും"

"ഞാൻ ആദ്യമേ പറഞ്ഞില്ലേ? ഇവിടെയാരുമായി ആലോചിക്കുന്ന പ്രശ്നമേയില്ല. നിനക്ക് സമ്മതമാണങ്കിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകാം. ഞാനിപ്പോൾ പോകുന്നു. വിവരം അറിയിച്ചാൽ മതി. ബുദ്ധിമുട്ടാണങ്കിൽ വേണ്ട. ഇപ്പോളും നിനക്ക് എന്നോട് അൽപ്പമെങ്കിലും സ്നേഹം കാണുമെന്ന് കരുതിയാണ് വന്നത്."

ഒരു ശതകോടി ബിസ്സിനസ്സ് ഡീല് ചെയ്ത്, അവൾ പടിയിറങ്ങി പോയി. ഞാൻ ആലോചിച്ചു " വന്ന് വന്ന് മനുഷ്യ ജീവിതവും ഒരു ബിസ്സിനസ്സായോ..? വളരെയധികം ആലോചിക്കേണ്ട ഒരു സംഗതിയാണ്. അവൾക്ക് ഒരു കുട്ടിയുണ്ടാക്കി കൊടുക്കുക, പകരം പത്തുകോടി കൈപറ്റുക. എത്ര നിസ്സാരമായാണ് പത്തുകോടി രൂപയെന്ന് അവൾ പറഞ്ഞത്. ഇതു വല്ലതും നടക്കണ കാര്യമാണോ? ഇത്രയും തുക കിട്ടുമെന്നുള്ളതിന് എന്താണുറപ്പ്. മറ്റുള്ള ആരേയും ഇടക്ക് നിർത്താൻ അവൾ സമ്മതിക്കുന്നുമില്ല. ആദ്യം പണം കൈപറ്റിയില്ലായെങ്കിൽ ജീവിതം കോഞ്ഞാട്ടയാകും. അതിനവൾ ആദ്യം പണം തരുമോ? അഡ്വാൻസായി കുറെ പണമെങ്കിലും കൈക്കലാക്കണം. നല്ലൊരു പോളസിയാണ് മുന്നിൽ വന്ന് പെട്ടിരിക്കുന്നത്.

കുറഞ്ഞ നാളു കൊണ്ട് കോടികൾ കൈയിൽ വരുന്ന പദ്ധതി. ലോട്ടറി അടിക്കുന്നതു പോലെ തോന്നി. ജീവിതത്തിൽ ഇത്രയും നല്ലൊരു അവസരം ഇനി ഉണ്ടായെന്ന് വരില്ല. വരുന്ന ഭാഗ്യലക്ഷ്മിയെ തട്ടിക്കളയുന്നത് ബുദ്ധിയല്ലായെന്നൊരു തോന്നൽ. ഈ ഡീലൊന്ന് പരീക്ഷിച്ച് നോക്കിയാലോ. മനസ്സൊന്ന് പിടഞ്ഞു. പെണ്ണിൻ്റെ വാക്ക് കേട്ട് ഇറങ്ങി പുറപ്പെട്ടാൽ പെരുവഴിയാകുമോയെന്ന് സംശയിച്ചു.

തുടരും...