അക്രമത്തിനും ഭീഷണികള്‍ക്കുമെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: Aug 30, 2022, 11:17 AM


രാജ്യത്ത് നടക്കുന്ന അക്രമത്തിനും ഭീഷണികള്‍ക്കും എതിരെ ഒറ്റക്കെട്ടായ നിലപാടെടുക്കാന്‍ രാഷ്ട്രീയ നേതാക്കളോട് ആഹ്വാനം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ആല്‍ബെര്‍ട്ടയില്‍ വെച്ച് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെതിരെ ഒരാള്‍ അധിക്ഷേപം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ ആഹ്വാനം. ഗ്രാന്‍ഡെ പ്രയറിയിലെ സിറ്റി ഹാളില്‍ വെച്ച് മേയറുമായി കൂടിക്കാഴ്ച നടത്താനെത്തിയ ഫ്രീലാന്‍ഡിനെ ഒരാള്‍ അസഭ്യം പറയുകയും രാജ്യദ്രോഹി എന്നു വിളിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്റെ പ്രതികരണമറിയിച്ച് ഫ്രീലാന്‍ഡ് രംഗത്ത് വന്നിരുന്നു. 

LGBTQ2S+ കമ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ആക്ഷന്‍ പ്ലാനിനായി ഓട്ടവയില്‍ നടന്ന പ്രഖ്യാപനത്തിനിടെയാണ് ട്രൂഡോ ഇക്കാര്യം ഉന്നയിച്ചത്. ഫ്രീലാന്‍ഡ് അഭിമുഖീകരിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പൊതുജീവിതം നയിക്കുന്ന ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകളും ന്യൂനപക്ഷങ്ങളും ഇത്തരത്തില്‍ നിരവധി അധിക്ഷേപങ്ങള്‍ക്കും അസഭ്യവര്‍ഷങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭീഷണി, അധിക്ഷേപം, അക്രമം എന്നിവ എല്ലായ്‌പ്പോഴും അസ്വീകാര്യമായ കാര്യമാണ്. ഇത്തരത്തിലുള്ള ഭീരുത്വം നിറഞ്ഞ പെരുമാറ്റ വൈകൃതങ്ങള്‍ നമ്മുടെ ജനാധിപത്യത്തെയും നമ്മുടെ മൂല്യങ്ങളെയും ഭീഷണിപ്പെടുത്തുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ട്രൂഡോ പറഞ്ഞു. 

''നേതാക്കള്‍ എന്ന നിലയില്‍ ഇതിനെതിരെ നാം ഒറ്റക്കെട്ടായി നിലപാട് എടുക്കേണ്ടതുണ്ട്. കാരണം  മതം, നിറം, ലിംഗഭേദം എന്നിവ നോക്കാതെ ഓരോ വ്യക്തിയും ബഹുമാനിക്കപ്പെടേണ്ടതാണ്. അക്രമ ഭീഷണികളെ ഭയപ്പെടാതെ സമാധാനത്തോടെ ജീവിക്കാന്‍ ഓരോ വ്യക്തിക്കും അര്‍ഹതയുണ്ട്''- ട്രൂഡോ പറഞ്ഞു. 

ഫ്രീലാന്‍ഡിനു നേരിട്ട അനുഭവത്തെ അപലപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.