കോക്പിറ്റില്‍ അടിപിടി: രണ്ട് എയര്‍ ഫ്രാന്‍സ് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു 

By: 600002 On: Aug 30, 2022, 10:11 AM

 

വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ കോക്പിറ്റില്‍ കയ്യാങ്കളി നടത്തിയ രണ്ട് പൈലറ്റുമാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ജനീവയില്‍ നിന്നും പാരിസിലേക്കുള്ള എയര്‍ ഫ്രാന്‍സിന്റെ വിമാനത്തിലാണ് സംഭവം നടന്നത്. ജൂണില്‍ നടന്ന സംഭവത്തിന്റെ അന്വേഷണം പൂര്‍ത്തിയായതിനു ശേഷമാണ് പൈലറ്റുമാര്‍ക്കെതിരെ കമ്പനി നടപടിയെടുത്തിരിക്കുന്നത്. 

സുരക്ഷാ നിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളും പാലിക്കുന്നതില്‍ പൈലറ്റുമാര്‍ വീഴ്ച വരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ അടിപിടി ക്രൂ അംഗങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നം അവസാനിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ ക്രൂ അംഗങ്ങളില്‍ ചിലര്‍ കോക്പിറ്റില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ അടിപിടി വിമാനത്തിന്റെ സര്‍വീസിനെ ബാധിച്ചില്ലെന്ന് ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.