കസ്റ്റഡി വ്യവസ്ഥകള്‍ ലംഘിച്ചു: ദക്ഷിണേഷ്യക്കാരനെ കോക്വിറ്റ്‌ലാം ആര്‍സിഎംപി തിരയുന്നു 

By: 600002 On: Aug 30, 2022, 8:45 AM

കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന് കോക്വിറ്റ്‌ലാമില്‍ യുവാവിനെ പോലീസ് തിരയുന്നു. അര്‍ജുന്‍ പുരേവാള്‍ എന്ന  25കാരനെയാണ് തിരയുന്നതെന്ന് കോക്വിറ്റ്‌ലാം ആര്‍സിഎംപി പ്രസ്താവനയില്‍ അറിയിച്ചു. ഇയാളെ കാണുന്നവര്‍ 911 എന്ന നമ്പറില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

അതേസമയം, എന്തെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചുവെന്നോ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ലംഘനം നടന്നതായി ബീസി കറക്ഷന്‍സ് വെള്ളിയാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. 

കെബെറ്റ് വേയ്ക്കും കോസ്റ്റ് മെറിഡിയന്‍ റോഡിനും സമീപമുള്ള പോര്‍ട്ട് കോക്വിറ്റ്ലാമിലാണ് പുരേവാളിനെ അവസാനമായി കണ്ടത്. ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണെന്നും അപകടകാരിയാണെന്നും പോലീസ് അറിയിച്ചു. തവിട്ട് നിറമുള്ള കണ്ണുകളോടുകൂടിയ ദക്ഷിണേഷ്യക്കാരനാണ്  പുരേവാള്‍ എന്ന് പോലീസ് അറിയിച്ചു. അഞ്ചടി നീളമുള്ള ഇയാളെ കണ്ടെത്താന്‍ ജനങ്ങള്‍ സഹായിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.