നോര്‍ത്ത് യോര്‍ക്കില്‍ കുത്തേറ്റ് മരിച്ച രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞതായി പോലീസ് 

By: 600002 On: Aug 30, 2022, 8:28 AM

വെള്ളിയാഴ്ച നോര്‍ത്ത് യോര്‍ക്കില്‍ കുത്തേറ്റ് മരിച്ച രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞതായി ടൊറന്റോ പോലീസ് അറിയിച്ചു.  ടൊറന്റോ സ്വദേശികളായ എല്‍വി സിഗ്-ഓഡ്(44), ആഞ്ചെലിക്ക സിഗ്-ഓഡ്(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഗോഡ്‌ഫ്രെ സിഗ്-ഓഡി(46)നെ സംഭവസ്ഥലത്ത് വെച്ചുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് രണ്ട് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബാതര്‍സ്റ്റ് സ്ട്രീറ്റിനും എല്ലെര്‍സ്ലി അവന്യൂവിനും സമീപം, ഫിഞ്ച്, ഷെപ്പേര്‍ഡ് അവന്യൂവുകള്‍ക്കിടയിലായിരുന്നു സംഭവം. പ്രതി ഗോഡ്‌ഫ്രെ സിഗ്-ഓഡ് സ്ത്രീകളുമായി വഴക്കിട്ടതായും തുടര്‍ന്ന് ഇരുവരെയും കുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീകള്‍ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തില്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ടൊറന്റോ പോലീസിനെ 416-808-7400 എന്ന നമ്പറില്‍ ബന്ധപ്പെടുക.