ക്യുബെക്ക് പ്രവിശ്യാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു; വോട്ടെടുപ്പ് ഒക്ടോബര്‍ 3ന് 

By: 600002 On: Aug 29, 2022, 1:09 PM


ക്യുബെക്ക് പ്രവിശ്യാ തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. എല്ലാ പാര്‍ട്ടി നേതാക്കളും ഇതിനകം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. വിജയം ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കഠിനമായ പരിശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി നേതാക്കള്‍ക്ക് ഏകദേശം അഞ്ചാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബര്‍ 3 നാണ് വോട്ടെടുപ്പ്. 

ക്യുബെക്കില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ 

കോളീഷന്‍ അവനീര്‍ ക്യുബെക്ക് 

നിലവില്‍ ക്യുബെക്ക് ഭരിക്കുന്ന പാര്‍ട്ടി. 2018 ലാണ് കോളിഷന്‍ അവനീര്‍ ക്യുബെക്ക്(സിഎക്യു) ആദ്യമായി അധികാരമേറ്റെടുത്തത്. 
50 വര്‍ഷത്തിലേറെയായി ക്യൂബെക് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പാര്‍ട്ടി ക്യൂബെക്കോയിസും ലിബറലുകളും ഒഴികെയുള്ള ആദ്യത്തെ പാര്‍ട്ടിയായി.ഫ്രാങ്കോയിസ് ലെഗോള്‍ട്ടാണ് പാര്‍ട്ടി നേതാവ്. 

ക്യുബെക്ക് ലിബറല്‍ പാര്‍ട്ടി 

നിലവിലെ പ്രതിപക്ഷ പാര്‍ട്ടിയാണ് ക്യുബെക്ക് ലിബറല്‍ പാര്‍ട്ടി. ദീര്‍ഘകാലമായി ഫെഡറലിസത്തിന്റെ സംരക്ഷകനായും സമ്പദ്‌വ്യവസ്ഥയെ മികച്ചതാക്കാനും പാര്‍ട്ടി നിലകൊള്ളുന്നു. 2018 വരെ ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് ആ വര്‍ഷം ഭരണം നഷ്ടപ്പെട്ടു.  ഡൊമിനിക് ആംഗ്ലേഡ് ആണ് പാര്‍ട്ടിയുടെ നേതാവ്. 

പാര്‍ട്ടി ക്യുബെക്കോയിസ് 

1973 ന് ശേഷം പാര്‍ട്ടി ക്യുബെക്കോയിസ് ക്യുബെക്കിന്റെ സര്‍ക്കാരോ ഔദ്യോഗിക പ്രതിപക്ഷമോ ആയി തെരഞ്ഞെടുക്കപ്പെടാത്ത  തെരഞ്ഞെടുപ്പായിരുന്നു 2018 ലേത്. ആ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 10 സീറ്റുകള്‍ നേടിയപ്പോള്‍, ഈ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ആകെ ഏഴ് അംഗങ്ങളാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രണ്ട് പേര്‍ രാജിവെക്കുകയും ഒരാളെ ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കുകയും ചെയ്തു.  പോള്‍ സെയിന്റ് പിയറി പ്ലാമോണ്ടന്‍ ആണ് പാര്‍ട്ടി നേതാവ്. 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് ക്യുബെക്ക് 


ക്യുബെക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 2018 ലെ തിരഞ്ഞെടുപ്പില്‍ രണ്ട് ശതമാനത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്. എന്നാല്‍ 2021 ഏപ്രിലില്‍ മുന്‍ ക്യൂബെക് സിറ്റി റേഡിയോ ഹോസ്റ്റ് എറിക് ദുഹൈമിനെ നേതാവായി നാമനിര്‍ദ്ദേശം ചെയ്തതിനുശേഷം, പാര്‍ട്ടിക്ക് 14 ശതമാനം പോളിംഗ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ക്യുബെക്ക് സോളിഡയര്‍ 

ക്യൂബെക്ക് സോളിഡയറിന് ഒരു പരമ്പരാഗത നേതാവില്ല. പകരം സഹ വക്താവ് എന്നാണ് വിളിക്കുന്നത്. പാര്‍ട്ടി സഹ വക്താവ് ഗബ്രിയേല്‍ നഡോ ഡുബോയിസാണ് പാര്‍ട്ടിയുടെ പ്രീമിയര്‍ സ്ഥാനാര്‍ത്ഥി. 2012 ലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ നേതാവെന്ന നിലയില്‍ അദ്ദേഹം പ്രവിശ്യയില്‍ പ്രശസ്തനായി. 


പ്രീപോള്‍ സര്‍വെ 


ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ലെഗര്‍ പോള്‍ പ്രകാരം ലെഗോള്‍ട്ടിന്റെ പാര്‍ട്ടിക്ക് 44 ശതമാനം പിന്തുണയാണ് ലഭിച്ചത്. അതായത് ക്യുബെക്ക് ലിബറലുകളെക്കാള്‍ 18 ശതമാനം കൂതല്‍ പിന്തുണയാണ് ലെഗോള്‍ട്ടിന്റെ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. അതെസമയം, ലെഗര്‍ പോള്‍ പ്രകാരം ക്യൂബെക്ക് സോളിഡയറിന് 15 ശതമാനവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് ക്യൂബെക്കിന് 13 ശതമാനവുമാണ് പിന്തുണ ലഭിച്ചിരിക്കുന്നത്.

വേനല്‍ക്കാലത്ത് നിയമസഭ പിരിഞ്ഞപ്പോള്‍, ലെഗോള്‍ട്ടിന്റെ പാര്‍ട്ടിക്ക് 76 സീറ്റുകളും ക്യൂബെക്ക് ലിബറലുകള്‍ക്ക് 27 ഉം ക്യൂബെക്ക് സോളിഡയറിന് 10 ഉം പാര്‍ട്ടി ക്യൂബെക്കോയിസിന് ഏഴ് സീറ്റുകളുമാണുള്ളത്. ക്യൂബെക്കിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒരു സീറ്റും നാല് സ്വതന്ത്രരുമാണ് ഉണ്ടായിരുന്നത്.