തനിക്കെതിരെ ആല്‍ബെര്‍ട്ടയില്‍ നടന്ന വെര്‍ബല്‍ ഹരാസ്‌മെന്റിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്. ശനിയാഴ്ചയാണ് ട്വിറ്ററിലൂടെ ഫ്രീലാന്‍ഡ് പ്രതികരണം അറിയിച്ചത്. തനിക്കെതിരെ അപമര്യാദയായി പെരുമാറിയ സംഭവം തികച്ചും തെറ്റാണെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ആരും എവിടെയും ഭീഷണികളെയോ, പീഡനങ്ങളെയോ സഹിക്കേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു. ആല്‍ബെര്‍ട്ട എന്റെ വീടാണ്, ആല്‍ബെര്‍ട്ടയില്‍ ജനിച്ചുവളര്‍ന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഫ്രീലാന്‍ഡ് കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ഗ്രാന്‍ഡ് പ്രെയറി മേയറായ ജാക്കി ക്ലേട്ടണുനായി കൂടിക്കാഴ്ച നടത്താന്‍ സിറ്റി ഹാളില്‍ എത്തിയപ്പോഴാണ് ഫ്രീലാന്‍ഡിനെതിരെ അധിക്ഷേപം ഉണ്ടായത്. ഹാളിലെ എലവേറ്ററില്‍ പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരു പുരുഷനും രണ്ട് സ്ത്രീകളും ഫ്രീലാന്‍ഡിനെതിരെ തിരിഞ്ഞത്. രാജ്യദ്രോഹി എന്നുവിളിച്ച് പാഞ്ഞടുത്ത ഇവര്‍ ഫ്രീലാന്‍ഡിനോട് മോശം ഭാഷയില്‍ പെരുമാറുകയും ശകാരിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്.
സംഭവത്തെ വിവിധ പാര്‍ട്ടികളിലുള്ളവരും നിരവധി രാഷ്ട്രീയക്കാരും അപലപിച്ചു. ഫ്രീലാന്‍ഡിന് എല്ലാവരും പിന്തുണ പ്രഖ്യാപിച്ചു.