2043 ഓടെ ഒന്റാരിയോയിലെ ജനസംഖ്യ 6.3 മില്യണിലധികം വര്‍ധിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Aug 29, 2022, 11:41 AM


അടുത്ത രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ഒന്റാരിയോയിലെ ജനസംഖ്യയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കിയ പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്. 2021 ലെ സെന്‍സസ് ഡാറ്റയെ അടിസ്ഥാനമാക്കി നിലവില്‍ പ്രവിശ്യയിലെ ജനസംഖ്യ 14,826,000 ആണ്. എന്നാല്‍ ഇതില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 2043 ഓടെ 4.2 മില്യണ്‍ പുതിയ താമസക്കാരാണ് ഒന്റാരിയോയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഡാറ്റ വ്യക്തമാക്കുന്നു. 

ഇടത്തരം വളര്‍ച്ചയാണ് ഒന്റാരിയോയിലെ ജനസംഖ്യയിലുണ്ടാകുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രവചനങ്ങളുടെ ഏറ്റവും താഴ്ന്ന നില കാണിക്കുന്നത് ഏകദേശം 2.1 മില്യണ്‍ പുതിയ താമസക്കാര്‍ ഉണ്ടാകുമെന്നാണ്. അതേസമയം, ഉയര്‍ന്ന വളര്‍ച്ചാ സാഹചര്യം( പ്രജനന നിരക്ക്, വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ മരണനിരക്ക് എന്നിവയാല്‍) 6.3 മില്യണ്‍ ജനങ്ങളുടെ വര്‍ധന പ്രവിശ്യയിലുണ്ടാകുമെന്നാണ് ജനസംഖ്യാ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. 

ഒന്റാരിയോയ്ക്ക് അത്തരത്തിലുള്ള ഒരു വര്‍ധനവ് ഉള്‍ക്കൊള്ളാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരുകള്‍ തയാറാകണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാന്‍ഡെമിക് സമയത്ത് ആളുകള്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ നിന്ന് കാനഡയിലെ മറ്റെവിടെയെങ്കിലും വിലകുറഞ്ഞ വിപണികളിലേക്ക് പോകുന്ന പ്രവണതയുണ്ടെങ്കിലും, പുതിയ പ്രവചനങ്ങള്‍ ഒന്റാറിയോയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്കിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ഇത് ആല്‍ബെര്‍ട്ടയും ബ്രിട്ടീഷ് കൊളംബിയയും ഒഴികെയുള്ള എല്ലാ പ്രവിശ്യകളെയും മറികടക്കും.

ആ വര്‍ധനയുടെ ഭൂരിഭാഗവും ഇമിഗ്രേഷന്‍ മൂലമാണ്. എന്നാല്‍ പ്രവചനങ്ങള്‍ പ്രായമായ ജനസംഖ്യയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത് ആരോഗ്യ സംരക്ഷണവും ദീര്‍ഘകാല പരിചരണ സംവിധാനങ്ങളും പോലുള്ള കാര്യങ്ങളില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും. ഒന്റാരിയോയില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളുടെ എണ്ണം 2021-ല്‍ ഏകദേശം 345,000-ല്‍ നിന്ന് 2043-ഓടെ 921,000 ആയി ഉയരുമെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കുന്നത്.