ആകാശത്ത് വമ്പന്‍ കാഴ്ചകളൊരുക്കാന്‍ ടൊറന്റോ എയര്‍ ഷോ സെപ്റ്റംബര്‍ 3 മുതല്‍ 

By: 600002 On: Aug 29, 2022, 9:53 AM


ലേബര്‍ ഡേ വാരാഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകരെ അമ്പരപ്പിക്കാന്‍ വാരാന്ത്യത്തില്‍ ടൊറന്റോ എയര്‍ഷോ നടക്കുന്നു. സെപ്റ്റംബര്‍ 3 മുതല്‍ 5 വരെയാണ് കനേഡിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോ നടക്കുന്നത്. ഉച്ചയ്ക്ക് തുടങ്ങി 3 മണി വരെയാണ് ഷോയുടെ സമയം. കനേഡിയന്‍ നാഷണല്‍ എക്‌സിബിഷനിലാണ്(CNE)  എയര്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 

സിഎന്‍ഇയുടെ പല ഭാഗങ്ങളില്‍ നിന്ന് എയര്‍ ഷോ കാണാന്‍ കഴിയും. എന്നാല്‍ പ്രത്യേകം ടിക്കറ്റ് എടുത്തവര്‍ക്ക് എയര്‍ ഷോ സോണില്‍ നിന്ന് ഷോ കാണാന്‍ സാധിക്കും. കൂടാതെ പ്രകടനത്തോടൊപ്പമുള്ള ഷോയുടെ വിവരണങ്ങളും ഇവിടെ പ്രവേശിക്കുന്നവര്‍ക്ക് മികച്ച അനുഭവമായിരിക്കും നല്‍കുക. ടിക്കറ്റിന്റെ വില 80 ഡോളറാണ്. 

275 ഡോളര്‍ നല്‍കി ഫ്‌ളൈറ്റ് ഡെക്ക് ഷാലേയിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സീറ്റഡ് ഏരിയയിലേക്ക് പ്രവേശനമുണ്ടാകും. കൂടാതെ ഉച്ചഭക്ഷണം, ഓപ്പണ്‍ ബാര്‍ തുടങ്ങിയ സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് ലഭ്യമാകും. 

ഈ വര്‍ഷത്തെ പ്രദര്‍ശനത്തിലെ വിമാനങ്ങളില്‍ RCAF CF-18 ഡെമോണ്‍സ്‌ട്രേഷന്‍ ടീം, ഗോര്‍ഡ് പ്രൈസ് & ദി യാക്ക്-50, ഒരു P-51 മുസ്താങ് എന്നിവ ഉള്‍പ്പെടുന്നു. ചില സാങ്കേതിക, പ്രവര്‍ത്തന തകരാറുകള്‍ മൂലം കനേഡിയന്‍ ഫോഴ്‌സ് സ്‌നോ ബേര്‍ഡ്‌സ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. എയര്‍ഷോയുടെ മെയിലിംഗ് ലിസ്റ്റ് സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കായി ദൈനംദിന ഷെഡ്യൂളുകള്‍ പ്രകടനത്തിന്റെ അന്ന് രാവിലെ റിലീസ് ചെയ്യുന്നുണ്ട്. മെയിലിംഗ് ലിസ്റ്റില്‍ സൈന്‍ അപ്പ് ചെയ്യാനായി https://cias.org/faq/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.