ബീസിയിലെ ഇന്റീരിയറിലുള്ള തദ്ദേശീയ കമ്യൂണിറ്റിയിലെ എട്ട്മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. ഈ സമയത്ത് പ്രദേശത്ത് ആംബുലന്‍സ് സര്‍വീസ് ഉണ്ടാകാത്തതിനാല്‍ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബാരിയറെ ഡിസ്‌ക്ട്രിറ്റില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഒരു ശിശുവിന് ഹൃദയസ്തഭനം ഉണ്ടായതായി ഫോണ്‍കോള്‍ വന്നതെന്ന് ബീസി ആംബുലന്‍സ് പാരാമെഡിക്‌സ് യൂണിയന്‍ പ്രസിഡന്റ് ട്രോയ് ക്ലിഫോര്‍ഡ് പറയുന്നു. കാംലൂപ്‌സിന് വടക്കായി 45 മിനുട്ട് ദൂരമുണ്ട് ഈ സ്ഥലത്തെത്താന്‍. കൃത്യമായ ലൊക്കോഷനെക്കുറിച്ച് ഉറപ്പില്ല. എന്നാല്‍ കോള്‍ വരുമ്പോള്‍ ആംബുലന്‍സ് കാംലൂപ്‌സിന്റെ പരിസരത്തുണ്ടായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്ന് ക്ലിഫോര്‍ഡ് പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമായിരുന്നില്ലെന്നത് തികച്ചും ദാരുണമായ സംഭവമാണെന്ന് അദ്ദേഹം അപലപിച്ചു.
ജീവനക്കാരുടെ കുറവ് മൂലം ജനങ്ങള്‍ക്ക് അത്യാവശ്യത്തിന് ആംബുലന്‍സ് സൗകര്യം ലഭ്യമാകാതെ പോകുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ഡിസ്ട്രിക്റ്റ് മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആംബുലന്‍സ് ജീവനക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രാദേശിക ഉദ്യോഗസ്ഥരെ പതിവായി അറിയിക്കാറില്ലെന്നും ഇതാണ് ഇത്തരം സംഭവങ്ങളുണ്ടാകാന്‍ കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശീയ സമൂഹത്തിലെ ഒരു കുഞ്ഞാണ് മരിച്ചത്. ആംബുലന്‍സ് എത്താന്‍ വൈകിയതാണോ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത് എന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
ഫോണ്‍ കോള്‍ അവലോകനം ചെയ്യുകയാണെന്നും ഇത് സ്ഥിരീകരിച്ചതിനു ശേഷം പ്രതികരിക്കാമെന്നുമുള്ള നിലപാടിലാണ് ബീസി എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസ്.
നേരത്തെയും ആംബുലന്‍സ് ലഭിക്കാതെ ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പ്രവിശ്യയില്‍ രോഗികള്‍ മരണപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. ആഷ്‌ക്രോഫ്റ്റ് സ്വദേശികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഹൃദയസ്തഭനം മൂലം കുഴഞ്ഞുവീണ രോഗി ആംബുലന്‍സ് സേവനത്തിനായി കാത്തിരിക്കുന്നതിനിടയില്‍ മരിക്കുകയായിരുന്നു.