അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കൊനൊരുങ്ങുകയാണ് നാസ. ഇതിനായുള്ള നാസയുടെ ദൗത്യപദ്ധതി ആര്‍ട്ടെമിസിന്റെ പ്രഥമദൗത്യം തിങ്കളാഴ്ച ആരംഭിക്കുകയാണ്. എന്നാല്‍ യാത്രികരാരുമില്ലാതെയാണ് ഇത്തവണ റോക്കറ്റ് ചന്ദ്രനിലേക്ക് കുതിക്കുന്നത്. റോക്കറ്റില്‍ യാത്രികരെ വഹിക്കുന്ന ഭാഗമായ ഓറിയോണില്‍ യാത്രികര്‍ക്ക് പകരം ഡമ്മികളെയാണ് സ്ഥാപിക്കുക. ഇന്ന് വരെ ലോകത്തില്‍ നിര്‍മിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. ഇത്തവണത്തെ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു അന്തര്‍ദേശീയ സഹകരണം ഈ ദൗത്യത്തിന് പിന്നിലുണ്ട്.
ചന്ദ്രനിലേക്കുള്ള ഈ യാത്രയുടെ ചരിത്രത്തില്‍ വ്യക്തമായ മുദ്ര പതിപ്പിക്കാനൊരുങ്ങുകയാണ് കാനഡയും. കനേഡിയന്‍ സാങ്കേതികവിദ്യയും കനേഡിയന്‍ ബഹിരാകാശ യാത്രികരും നാസയ്‌ക്കൊപ്പം ആര്‍ട്ടെമിസ് ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്. ഒരു ദശാബ്ദത്തിനുള്ളില്‍ ചൊവ്വ പര്യവേഷണത്തിനും അതിനുമപ്പുറമുള്ള ദൗത്യങ്ങളിലേക്കുമുള്ള ഒരു ചവിട്ടുപടിയായി പ്രവര്‍ത്തിക്കാന്‍ ലൂണാര്‍ ഗേറ്റ്‌വേ എന്ന ബഹിരാകാശ നിലയം കാനഡയ്ക്ക് വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശാത്രജ്ഞര്‍. കൂടാതെ ചന്ദ്രന്റെ ഉപരിതലം പര്യവേഷണം ചെയ്യുന്നതിനായി ഒരു റോവര്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ആര്‍ട്ടെമിസിന്റെ പ്രഥമദൗത്യം വിജയകരമായാല്‍ രണ്ടാം ദൗത്യത്തില്‍ നാല് യാത്രികരെ ചന്ദ്രനിലെത്തിക്കാനാണ് നാസയുടെ അടുത്ത ലക്ഷ്യം. നിലവില്‍ 2024 ല്‍ പ്രൊജക്ട് ചെയ്തിരിക്കുന്ന ആര്‍ട്ടെമിസ് II, 1972 നു ശേഷം മനുഷ്യരെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ ദൗത്യത്തില്‍ പങ്കെടുക്കുന്നതിലൊരാള്‍ കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയില്‍(സിഎസ്എ) നിന്നുള്ള ബഹിരാകാശ യാത്രികനായിരിക്കും. ഇതോടെ ചന്ദ്രനു ചുറ്റും സഞ്ചരിക്കുന്ന ബഹിരാകാശ സഞ്ചാരിയുള്ള രണ്ടാമത്തെ രാജ്യമായി കാനഡ മാറും. ഭാവിയില്‍ ചന്ദ്രനെ വലംവയ്ക്കുന്ന ബഹിരാകാശ നിലയമായ ഗേറ്റ്‌വേയിലേക്കുള്ള റോക്കറ്റില്‍ കനേഡിയന്‍ ബഹിരാകാശ യാത്രകനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.