ഓണം കേരളത്തിൽ പൂക്കാലം തമിഴ്നാട്ടിൽ

By: 600003 On: Aug 28, 2022, 5:11 PM

ഓണം പടിവാതില്‍ക്കലെത്തിയതോടെ അയല്‍സംസ്‌ഥാനത്തെ പൂപ്പാടങ്ങള്‍ പൂത്തുലഞ്ഞു. കേരളത്തിലേക്കു പൂക്കള്‍ നിര്‍ലോഭം എത്തിത്തുടങ്ങി.രണ്ടര വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ ഓണമാഘോഷിക്കാന്‍ പൂക്കള്‍ ഇടുക്കിയുടെ അതിര്‍ത്തി കടക്കുന്നത്‌. മലയാളിയുടെ ഓണം മുന്നില്‍കണ്ട്‌ തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള നിരവധി ഗ്രാമങ്ങളിലാണ്‌ പൂക്കൃഷി വീണ്ടും സജീവമായത്‌. ഇടുക്കിയുടെ അതിര്‍ത്തിയായ തേനി ഗ്രാമ ങ്ങളില്‍ കണ്ണത്താദൂരത്തോളം വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ നയന മനോഹരമായ കാഴ്‌ച സമ്മാനിക്കുന്നു.

മുല്ലപ്പൂവും ചെണ്ടുമല്ലിയും ജമന്തിയും റോസാപ്പൂവുമെല്ലാം ചേരുമ്പോൾ  ആകെക്കൂടി ഒരു ഭീമന്‍ അത്തപ്പൂക്കളംപോലെ... ഏക്കര്‍ കണക്കിനു തോട്ടങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാന്‍ നിരവധിയാളുകളാണ്‌ ഇവിടേക്കെത്തുന്നത്‌. കോവിഡിനെത്തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പൂക്കൃഷിക്കായി വിത്തിറക്കിയത്‌. കാലാവസ്‌ഥ അനുകൂലമായതിനാല്‍ മികച്ച വിളവുതന്നെ ലഭിച്ചെന്ന്‌ അവര്‍ പറയുന്നു. ഇനി ഓണംവരെ മഴ പെയ്യാതിരുന്നാല്‍ പ്രതീക്ഷിച്ച ലാഭം ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. തേനി ജില്ലയിലെ പണ്ണപ്പുറം, കമ്ബം, ചിന്നമന്നൂര്‍, മുത്തുലാപുരം, അയ്യംപെട്ടി, തരന്തംപെട്ടി എന്നിവടങ്ങളിലാണ്‌ പൂക്കൃഷി ഏറെയുള്ളത്‌. ഇവിടങ്ങളില്‍നിന്നുള്ള പൂക്കളില്‍ നല്ലൊരു ഭാഗവും തേനി, ഉസിലംപെട്ടി മാര്‍ക്കറ്റുകള്‍ വഴി ബോഡിമെട്ട്‌, കമ്ബംമെട്ട്‌, കുമളി ചെക്ക്‌പോസ്‌റ്റിലൂടെയാണ്‌ കേരളത്തിലെത്തുന്നത്‌.

ഇത്തവണ പൂക്കളുടെ വിലയില്‍ നേരീയ വര്‍ധന ഉണ്ടായിട്ടുണ്ട്‌. മുല്ലപ്പൂവിന്‌ കിലോ 400 രൂപയാണു വില. ജമന്തിപ്പൂവിനാണ്‌ ഏറ്റവും വിലക്കുറവ്‌. 40 രൂപ. ഓണമാകുന്നതോടെ വില ഇനിയും ഉയരുമെന്നു കര്‍ഷകര്‍ പറയുന്നു. കേരളത്തില്‍നിന്നുള്ള വിവിധ സംഘടനകളും കൂട്ടായ്‌മകളും ക്വിന്റല്‍ കണക്കിനു പൂവ്‌ ഓര്‍ഡര്‍ ചെയ്‌തതാണ്‌ കര്‍ഷകര്‍ക്കു പ്രതീക്ഷ നല്‍കുന്നത്‌. എന്തായാലും ഓണത്തിന്‌ ഒരു മാസം മുമ്ബുതന്നെ തമിഴ്‌നാടന്‍ ഗ്രാമങ്ങളില്‍ ഓണപ്പൂക്കള്‍ സുഗന്ധം പരത്തിക്കഴിഞ്ഞു. 30 ന്‌ അത്തമാകുന്നതോടെ വിദ്യാലയങ്ങളും സാംസ്‌കാരിക സംഘടനകളും വിവിധ സ്‌ഥാപനങ്ങളും മത്സരങ്ങളിലേക്കും ആഘോഷങ്ങളിലേക്കും കടക്കും. അതോടെ പൂവിപണിയും ഉയരും.