പേവിഷ ബാധ: മൃഗങ്ങളുമായി ഇടപഴകുന്നവർ കുത്തിവയ്പ്പ് മുൻകൂർ എടുക്കണം, നിലവിലെ രീതി മാറണമെന്ന് വിദഗ്‍ധർ

By: 600003 On: Aug 27, 2022, 5:50 PM

സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനിൽ നിലവിൽ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗൻദീപ് കാങ്. നായ്ക്കൾ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗൻദീപ് കാങ് വ്യക്തമാക്കി. നിർഭാഗ്യവശാൽ, കടിയേറ്റ  ശേഷം വാക്സീൻ നൽകുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീൻ എടുക്കുമ്പോൾ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീൻ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയിൽ പ്രധാനമാണെന്നും ഗഗൻദീപ് കാങ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.  വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗൻദീപ് കാങ് വ്യക്തമാക്കി.