മദ്യ മോഷണത്തില്‍ പ്രതിയാക്കി: മലയാളി ഡോക്ടറോട് ഓസ്‌ട്രേലിയന്‍ പോലീസ് മാപ്പ് പറഞ്ഞു

By: 600002 On: Aug 26, 2022, 2:13 PM


മദ്യം മോഷ്ടിച്ചെന്ന് സംശയിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഓസ്‌ട്രേലിയന്‍ പോലീസ്. 2020ല്‍ നടന്ന സംഭവത്തില്‍ നിയമപോരാട്ടത്തിനൊടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണം പറമ്പിലിനോട് പോലീസ് പരസ്യമായി മാപ്പു പറയുന്നത്.

മദ്യഷോപ്പില്‍ നിന്ന് റം മോഷണം പോയ കേസിലെ  പ്രതിയെന്ന് സംശയിക്കുന്നയാള്‍ എന്ന പേരില്‍  2020 മെയ് 15നാണ് പ്രസന്നന്‍ പൊങ്ങണം പറമ്പിലിന്റെ ഫോട്ടോ ഓസ്ട്രേലിയന്‍ പോലീസ് ഫെയ്സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. മെയ് 15ന് ഫോട്ടോ ലോക്കല്‍ പോലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ വന്നിട്ടുണ്ടായിരുന്നെങ്കിലും 16ന് ഒരു സുഹൃത്താണ് ഇക്കാര്യം വിളിച്ച് ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഉടന്‍ പാക്കന്‍ഹാം പോലീസ് സ്റ്റേഷനില്‍ മദ്യം വാങ്ങിയതിന്റെ റെസീപ്റ്റുമായി പോയെങ്കിലും വല്ലാത്ത മുന്‍വിധിയോടെയാണ് പോലീസ് പെരുമാറിയത്. മാത്രവുമല്ല റെസീപ്റ്റ് കാണിച്ചു കൊടുത്തിട്ടും കുറ്റവാളിയോടെന്ന പോലെ പോലീസ് പെരുമാറുകയായിരുന്നു.

ഇതിനെതിരേ ഡോ. പ്രസന്നന്‍ നടത്തിയ നിയമ പോരാട്ടത്തിലാണ് രണ്ട് വര്‍ഷത്തിനിപ്പുറം പോലീസ് മാപ്പ് പറഞ്ഞിരിക്കുന്നത്. വിക്ടോറിയ ലാട്രോബ് റീജണല്‍ ഹോസ്പിറ്റലില്‍ ഡോക്ടറാണ് പ്രസന്നന്‍.