അനധികൃതമായും അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി കേരള ഹൈക്കോടതി. വാണിജ്യ കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു നിര്‍ദ്ദേശം.
അധികാരികളുടെ അനുമതിയില്ലാതെ ഏതെങ്കിലും ആരാധനാലയങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി ആവശ്യമായ ഉത്തരവുകള്‍ അല്ലെങ്കില്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് നിര്‍ദ്ദേശം നല്കി. അത്തരം ഏതെങ്കിലും മതസ്ഥലമോ പ്രാര്‍ത്ഥനാ ഹാളോ ആവശ്യമായ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഉടനടി അടച്ചുപൂട്ടാനും നിര്‍ദേശമുണ്ട്.