കൊച്ചിയിലെ എടിഎം മോഷണം: ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതി പിടിയിലായി 

By: 600002 On: Aug 26, 2022, 1:09 PM

കൊച്ചിയില്‍ എടിഎം കൃത്രിമം കാണിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. ഇടപ്പള്ളി ടോള്‍ പരിസരത്ത് നിന്നാണ് ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്ക് പിടിയിലായത്. കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പിടികൂടി.

ഈ മാസം 18,19 തീയതികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊച്ചിയിലെ എടിഎമ്മുകള്‍ കേന്ദ്രീകരിച്ച് നടന്നത് വന്‍ തട്ടിപ്പാണ്. എടിമ്മുകള്‍ മോഷ്ടാവ് ആദ്യം നിരീക്ഷിക്കും. ശേഷം എടിഎമ്മിനുള്ളില്‍ കയറി, പണം വരുന്ന ഭാഗത്ത് പ്രത്യേകതരം ഉപകരണം ഘടിപ്പിക്കും. പണമെടുക്കാന്‍ കയറുന്ന ഇടപാടുകാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആവശ്യമായ പണം കൈപ്പറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവിടെ നിന്ന് മടങ്ങും. ഈ തക്കം നോക്കി മോഷ്ടാവ് അകത്ത് കടന്ന് ഘടിപ്പിച്ച ഉപകരണം ഇളക്കി മാറ്റി പണം കൈക്കലാക്കി മുങ്ങും. 

കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുള്ളത്. പണം നഷ്ടപ്പെട്ട ഇടപാടുകാര്‍ ആദ്യം പരാതിയുമായി ബാങ്കിനെ സമീപിക്കുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം, കൂടുതലിടങ്ങളില്‍ തട്ടിപ്പു നടന്ന സാഹചര്യത്തില്‍ ബാങ്കിന്റെ കീഴിലുള്ള എടിഎമ്മുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു.