വിസയില്‍ കാലതാമസം: ഫാള്‍ സെമസ്റ്ററിനെത്താനാകുമോയെന്ന ആശങ്കയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ 

By: 600002 On: Aug 26, 2022, 1:03 PM


കനേഡിയന്‍ ഇമിഗ്രേഷന്‍ ബാക്ക്‌ലോഗുകള്‍ മൂലം വിസയിലുണ്ടാകുന്ന കാലതാമസം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. സെപ്റ്റംബറിലെ ഫാള്‍ സെമസ്റ്ററിന് കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. സെപ്റ്റംബറിലെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കാനാകുമോയെന്ന കാര്യത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റും ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ ആശങ്ക ഒന്നുകൂടി വര്‍ധിക്കുകയാണ്. 

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാലകളും ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാരും വിസ വൈകുന്നത് സംബന്ധിച്ച് ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ തന്നെ ബാധിക്കുമെന്ന് ഇവര്‍ പറയുന്നു. ജൂലൈ അവസാനത്തോടെ തീര്‍പ്പാക്കാത്ത അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസാ അപേക്ഷകളില്‍ 34 ശതമാനവും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പറയുന്നതിലും കൂടുതല്‍ സമയമെടുക്കുന്നതായി ഫെഡറല്‍ ഡാറ്റ സൂചിപ്പിക്കുന്നു. 

അതേസമയം, സെപ്റ്റംബറില്‍ പഠനം ആരംഭിക്കാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കാനാകുമോ എന്ന കാര്യത്തില്‍ ഒരു മാസം മുമ്പ് തന്നെ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചതായി ഇമിഗ്രേഷന്‍ മന്ത്രി ജീന്‍ ഫ്രേസര്‍ അറിയിച്ചു. വിസാ അപേക്ഷകളില്‍ ഉണ്ടായ വന്‍ വര്‍ധനവാണ് കാലതാമസം ഉണ്ടാകാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.