വര്‍ധിച്ചുവരുന്ന കുടിയേറ്റത്തെ തുടര്‍ന്ന് കാനഡയിലെ ജനസംഖ്യ വരും ദശകങ്ങളില്‍ കുത്തനെ ഉയരുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ജനസംഖ്യ 2043 ല്‍ 47.8 മില്യണായും 2068 ല്‍ 56.5 മില്യണായും ഉയരുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കാനഡയിലെ ജനസംഖ്യ 2068 ല്‍ 44.9 മില്യണിനും 74.0 മില്യണിനും ഇടയില്‍ വളരുമെന്ന് മറ്റ് ജനസംഖ്യാ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, ജനസംഖ്യയിലെ ഈ വര്‍ധനവ് രാജ്യത്തെ ഭവന, ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ ജനസംഖ്യ വര്‍ധനവ് ഭവന ലഭ്യതയെ ബാധിക്കുമെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ ജൂണില്‍, അടുത്ത ദശകത്തില്‍ രാജ്യത്തെ ഭവന സ്റ്റോക്ക് 2.3 മില്യണ്‍ യൂണിറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് കനേഡിയന്‍ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷനില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പ്രവചിച്ചിരുന്നു. എന്നാല്‍ 2030 ഓടെ കാനഡയ്ക്ക് 3.5 ദശലക്ഷം അഫോര്‍ഡബിള്‍ ഹൗസിങ് യൂണിറ്റുകള്‍ കൂടി ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തുടനീളമുള്ള ജനസംഖ്യ വര്‍ധനവ് ആനുപാതികമായിരിക്കില്ലെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് പറയുന്നു. 2043 ല്‍ ആല്‍ബര്‍ട്ടയിലെ ജനസംഖ്യ ഇപ്പോഴുള്ളതിനേക്കാള്‍ 31 മുതല്‍ 61 ശതമാനം വരെ വര്‍ധിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പ്രവചിക്കുന്നു. ബീസി, ഒന്റാരിയോ, സസ്‌കാച്ചുവന്‍ എന്നിവിടങ്ങളിലെ ജനസംഖ്യാ വളര്‍ച്ച 2043-ഓടെ ഏകദേശം 14 മുതല്‍ 40 ശതമാനം വരെയാകും. മാനിറ്റോബയില്‍ 11 മുതല്‍ 40 ശതമാനം വരെയും ക്യൂബെക്കിലെ ജനസംഖ്യ 12 മുതല്‍ 19 ശതമാനം വരെ വര്‍ധിക്കുമെന്നും കണക്കാക്കപ്പെടുന്നു.