ഒന്റാരിയോയില്‍ നാല് വയസ്സുകാരന്‍ ലിഥിയം ബട്ടണ്‍ ബാറ്ററി വിഴുങ്ങി: പത്ത് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം സുഖംപ്രാപിച്ചു 

By: 600002 On: Aug 26, 2022, 10:06 AM

ഒന്റാരിയോയിലെ പിക്കറിംഗില്‍ ലിഥിയം ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ നാല് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അക്കായ് എന്ന കുട്ടിയാണ് കളിക്കുന്നതിനിടയില്‍ ബാറ്ററി അറിയാതെ വിഴുങ്ങിയത്. ബാറ്ററി വിഴുങ്ങിയ കാര്യം തന്നോട് മകന്‍ പറഞ്ഞതിനാല്‍ ഉടന്‍ ആശുപത്രിയിലെത്തി ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് അമ്മ കസാന്‍ഡ്ര സ്റ്റെര്‍ലിംഗ് പറയുന്നു. ആദ്യം ഒരു കോയിന്‍ വിഴുങ്ങിയെന്നായിരുന്നു പറഞ്ഞത്. പിന്നീട് മകന്‍ തന്നെ ബാറ്ററി വിഴുങ്ങിയതായി പറഞ്ഞുവെന്ന് സ്റ്റെര്‍ലിംഗ് പറയുന്നു. 

ഉടന്‍ തന്നെ കുട്ടിയെ അജാക്‌സിലെ ലേക്കറിഡ്ജ് ഹോസ്പിറ്റലില്‍ എത്തിച്ചു. അവിടെ നിന്നും ആംബുലന്‍സില്‍ ടൊറന്റോയിലെ സിക്ക്ചില്‍ഡ്രിന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. അന്നനാളത്തിനും വയറിനും ഇടയില്‍ ബാറ്ററി കുടുങ്ങിയതിനാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ബാറ്ററി പുറത്തെടുത്തു. തുടര്‍ന്ന് പത്ത് ദിവസം അക്കായ് ആശുപത്രിയില്‍ കഴിഞ്ഞു. ഏഴ് ദിവസം ട്യൂബിലൂടെയായിരുന്നു ഭക്ഷണം കൊടുത്തിരുന്നത്. നിലവില്‍ കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. 

അടുത്തിടെ വാങ്ങിയ എല്‍ഇഡി കാന്‍ഡിലില്‍ നിന്നാണ് ബാറ്ററി ഊരിയെടുത്ത് അക്കായ് വിഴുങ്ങിയത്.  

കാനഡയില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കനേഡിയന്‍ ഹോസ്പിറ്റല്‍സ് ഇന്‍ജുറി റിപ്പോര്‍ട്ടിംഗ് ആന്‍ഡ് പ്രിവന്‍ഷന്‍ പ്രോഗ്രാം പറയുന്നു. ബാറ്ററി വിഴുങ്ങിയാല്‍ ശരീരത്തിനുള്ളിലുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ മരണത്തിനു വരെ കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. അന്നനാളം, ശ്വാസനാളം എന്നിവയില്‍ കുടുങ്ങിയാല്‍ അത് ഗുരുതരമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.