ജൂണ്‍ മാസത്തില്‍ കാനഡയില്‍ ജോലി ഒഴിവുകള്‍ 3.2 ശതമാനം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോര്‍ട്ട്. ഇതോടെ തുടര്‍ച്ചയായ മൂന്നാം മാസവും ഒരു മില്യണിലധികം തൊഴില്‍ ഒഴിവുകള്‍ നികത്താനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് മാസത്തെ 1,005,700 തൊഴില്‍ ഒഴിവുകളില്‍ നിന്നും 1,037,900 എണ്ണമായി വര്‍ധിച്ചതായും ഈ തസ്തികകള്‍ നികത്താന്‍ തൊഴിലുടമകള്‍ സജീവമായി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജൂണിലെ 4.9 ശതമാനത്തില്‍ നിന്നും ജോലി ഒഴിവുകളുടെ നിരക്ക് ജൂണില്‍ 5.9 ശതമാനമായി.
ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ അസിസ്റ്റന്‍സ് മേഖലയിലെ തൊഴിലുടമകള്‍ ജൂണില്‍ 149,700 ഒഴിവുള്ള ജോലികള്‍ നികത്താന്‍ ശ്രമിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. മെയ് മാസത്തില്‍ നിന്ന് 4.3 ശതമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40.8 ശതമാനവും തൊഴില്‍ ഒഴിവുകള്‍ വര്‍ധിച്ചു. താമസ, ഭക്ഷണ സേവന മേഖലയിലെ ജോലി ഒഴിവുകള്‍ ജൂണില്‍ 171,700 ആയി. മെയ് മാസത്തെ അപേക്ഷിച്ച് 6.6 ശതമാനവും 2021 ജൂണില്‍ നിന്ന് 38.8 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.