'ചൈനയിലേക്ക് വീണ്ടും സ്വാഗതം'; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ വീണ്ടും വിസ നല്‍കാന്‍ ചൈന 

By: 600002 On: Aug 25, 2022, 12:11 PM

 
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് വര്‍ഷത്തിലേറെയായി ചൈനയിലേക്ക് മടങ്ങി പോകാന്‍ കഴിയാതെ പഠനം അനശ്ചിതാവസ്ഥയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ വീണ്ടും വിസ നല്‍കി തുടങ്ങുകയാണെന്ന് ചൈനയിലെ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബിസിനസ് വിസ ഉള്‍പ്പെടെ വിവിധ തരം യാത്രാ അനുമതികള്‍ നല്‍കി തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും ചൈനയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങള്‍ക്കും വിസകള്‍ വീണ്ടും നല്‍കി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയുടെ വിശദമായ അറിയിപ്പ് ഉദ്ധരിച്ച് ട്വീറ്റും ചെയ്തിട്ടുണ്ട്.  ഉന്നത വിദ്യാഭ്യാസത്തിനായി ദീര്‍ഘകാല പഠനം തുടരാന്‍ ചൈനയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സ്1 വിസ നല്‍കുമെന്നാണ് പ്രഖ്യാപനം. ചൈനയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതുതായി പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും പഠനം പുനരാരംഭിക്കുന്നതിനായി ചൈനയിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിസ നല്‍കും.

കൊവിഡ് വിസ നിയന്ത്രണങ്ങള്‍ കാരണം 23,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ്.