ക്ലിയര്‍ ലേക്കില്‍ ബ്ലൂ-ഗ്രീന്‍ ആല്‍ഗകളുടെ സാന്നിധ്യം: മുന്നറിയിപ്പ് നല്‍കി എഎച്ച്എസ് 

By: 600002 On: Aug 25, 2022, 8:19 AM

 

ബ്ലൂ-ഗ്രീന്‍ ആല്‍ഗകളുടെ സാന്നിധ്യം കണ്ടെത്തിയ ക്ലിയര്‍ ലേക്കില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്. കാല്‍ഗറിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കുകിഴക്കായി വില്ലോ ക്രീക്കിന്റെ എംഡിയിലാണ്( മുന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ്) ക്ലിയര്‍ തടാകം സ്ഥിതി ചെയ്യുന്നത്. ഇവ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന വിഷകാരികളാണ്. അതിനാല്‍ കഴിവതും ഇതിന്റെ സാമീപ്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. 

ജലോപരിതലത്തില്‍ പാട പോലെയോ പൊടിപോലെയോ ഗ്ലോബുകളായോ കാണപ്പെടുന്ന സയനോബാക്ടീരിയയാണ് ഈ ആല്‍ഗകള്‍. ഇത് ജലത്തെ നീല കലര്‍ന്ന പച്ച നിറത്തില്‍ ആവരണം ചെയ്യുന്നു. ഈ ആല്‍ഗകളുമായി സമ്പര്‍ക്കമുണ്ടാകുന്നവര്‍ക്ക് ചര്‍മ്മത്തില്‍ ചൊറി, തിണര്‍പ്പ് എന്നിവ ഉണ്ടാകും. കൂടാതെ കണ്ണുകള്‍ ചുവക്കുകയും ത്വക്കുകളില്‍ വ്രണമുണ്ടാവുകയും ചെയ്യുന്നു. 

സയനോബാക്ടീരിയ അടങ്ങിയ വെള്ളം കുടിക്കുന്നവരില്‍ തൊണ്ടവേദന, വീര്‍ത്ത ചുണ്ടുകള്‍, പനി, ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടേക്കാം. സാധാരണയായി സമ്പര്‍ക്കമുണ്ടായി മൂന്ന് മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടേക്കാം. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇത് മാറുകയും ചെയ്യുമെന്ന് എഎച്ച്എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു. കുട്ടികളിലെ ലക്ഷണങ്ങള്‍ പലപ്പോഴും കൂടുതല്‍ പ്രകടമായിരിക്കും. എങ്കിലും എല്ലാവരും മുന്‍കരുതലെടുക്കേണ്ടതാണെന്ന് എഎച്ച്എസ് നിര്‍ദ്ദേശിച്ചു. 

വളര്‍ത്തുമൃഗങ്ങളെയും ഈ ബാക്ടീരിയകള്‍ മാരകമായി ബാധിച്ചേക്കാമെന്നും എഎച്ച്എസ് മുന്നറിയിപ്പ് നല്‍കുന്നു. സമ്പര്‍ക്കം ഉണ്ടായിക്കഴിഞ്ഞാല്‍ എത്രയും വേഗം ശരീരം കഴുകി വൃത്തിയാക്കാനും നിര്‍ദ്ദേശിക്കുന്നു.