റോഡ്,ജല ഗതാഗത അപകടങ്ങളില്‍ ഈ വര്‍ഷം 250 ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്. കഴിഞ്ഞയാഴ്ച മാത്രം ഉണ്ടായ 19 മരണങ്ങള്‍ ഉള്‍പ്പെടെ ജനുവരി മുതല്‍ പ്രവിശ്യയില്‍ റോഡുകളിലും ജലപാതകളിലും ഉണ്ടായ അപകടങ്ങളില്‍ 259 പേര്‍ കൊല്ലപ്പെട്ടതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് സര്‍ജന്റ് ഷ്മിത്ത് പറഞ്ഞു.
അശ്രദ്ധമായ ഡ്രൈവിംഗ്, ആക്രമണോത്സുക ഡ്രൈവിംഗ്, അമിതവേഗത, സീറ്റ് ബെല്‍റ്റുകളോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ ധരിക്കാത്ത ആളുകള്‍ എന്നിങ്ങനെ ഹൈവേകളിലെ അപകടങ്ങള്‍ വിവിധ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. മിക്ക അപകടങ്ങളിലും 'നമ്പര്‍ വണ്‍ കൊലയാളി' അമിതവേഗതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ അപകടങ്ങളുടെ കണക്ക് ഓരോ വിഭാഗത്തിലും ഉയര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി.
2021 നെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ മോട്ടോര്‍സൈക്കിള്‍ അപകടത്തെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ 300 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രണ്ട് മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ മരിച്ചപ്പോള്‍ ഈ വര്‍ഷം ഇതുവരെ എട്ട് മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു.
നിരത്തുകളില്‍ ജീവന്‍ പൊലിയാതിരിക്കാന്‍, അമിതവേഗത ഒഴിവാക്കണമെന്നും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കണമെന്നും ഷ്മിത്ത് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.