ടൊറന്റോയില്‍ ആമസോണ്‍ കമ്പനി പ്രതിനിധി എന്ന വ്യാജേന വൃദ്ധയില്‍ നിന്നും 25,000 ഡോളര്‍ തട്ടിയതായി പരാതി. ലിന്‍ഡ ഡൈമെന്റിനാണ് പണം നഷ്ടമായത്. ആമസോണ്‍ റെപ്രസെന്ററ്റീവ് എന്ന് പരിചയപ്പെടുത്തി ആമസോണ്‍ പ്രൈം അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാന്‍ തട്ടിപ്പുകാരന്‍ ഫോണ്‍ കോളിലൂടെ ആവശ്യപ്പെടുകയായിരുന്നുവെന്നും ആധികാരികതയുള്ള കോളാണെന്ന് തെറ്റദ്ധരിക്കപ്പെടുകയായിരുന്നുവെന്നും ഡൈമെന്റ് പറഞ്ഞു.
അവര്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം താന്‍ നല്‍കാന്‍ തയാറായില്ല. കമ്പനിക്ക് തന്റെ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് തട്ടിപ്പ് നടത്തുന്നയാള്‍ പറഞ്ഞു. തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാനും അവര്‍ ആവശ്യപ്പെട്ടതായി ഡൈമെന്റ് പറയുന്നു. ഇത് സമ്മതിച്ച താന്‍ പ്രൈം അക്കൗണ്ട് തുടരാന്‍ 39 ഡോളര്‍ പേയ്‌മെന്റ് പ്രോസസ് ചെയ്യുകയാണെന്ന് കരുതി.
ജൂലൈ 16 നാണ് ഫോണ്‍ കോള്‍ വന്നത്. അതിനുശേഷം ക്രെഡിറ്റ്കാര്‍ഡ് താന്‍ ഉപയോഗിച്ചിരുന്നില്ല. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചപ്പോള്‍ അത് നിരസിക്കപ്പെടുകയാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. ആശങ്കപ്പെട്ട ഡൈമെന്റ് ബാങ്ക് ഓഫ് മോണ്‍ട്രിയലുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ആരോ തന്റെ വിവരങ്ങള്‍ ഉപയോഗിച്ച് നാല് ദിവസങ്ങള്‍ക്കുള്ളില്‍ 25,000 ഡോളര്‍ പിന്‍വലിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്കുമായി നടത്തിയ മീറ്റിംഗിനു ശേഷം അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയത് തന്റെ തെറ്റായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചതായി അവര്‍ പറഞ്ഞു. എന്നാല്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായ ഡൈമെന്റിന് ആശ്വാസമായി ബാങ്ക് ഓഫ് മോണ്‍ട്രിയല്‍ നഷ്ടപ്പെട്ട 25,000 ഡോളര്‍ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, വെബ്‌സൈറ്റിലൂടെയല്ലാതെ ഫോണുകള്‍ വഴിയോ മറ്റോ ഒരിക്കലും പേയ്‌മെന്റ് ചെയ്യാന്‍ കമ്പനി ആവശ്യപ്പെടാറില്ലെന്ന് ആമസോണ്‍ സംഭവത്തില്‍ പ്രതികരിച്ചു. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ സംശയാസ്പദമായി വരുന്ന ഫോണ്‍ കോളുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ മറുപടി നല്‍കരുതെന്നും വ്യക്തി വിവരങ്ങള്‍ കൈമാറരുതെന്നും കമ്പനി വ്യക്തമാക്കി.