ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റര്‍ രമേഷ് ബാബു പ്രഗ്‌നാനന്ദ വീണ്ടും ലോക ചെസില്‍ ചരിത്രം സൃഷ്ടിക്കുന്നു. മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലെ അവസാന റൌണ്ടില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ പ്രഗ്‌നാനന്ദ പരാജയപ്പെടുത്തി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കാള്‍സണ് മേല്‍ ഇന്ത്യയുടെ കൗമാരക്കാരന്‍ വിജയം നേടുന്നത്. തിങ്കളാഴ്ച രാവിലെയാണ് മത്സരം നടന്നത്.
ക്രിപ്‌റ്റോ കപ്പിലെ മത്സരത്തില്‍ ഇരുവരും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്. സമനിലയിലേക്ക് പോകുന്നുവെന്ന് തോന്നിപ്പിച്ചിടത്തു നിന്നാണ് പ്രഗ്‌നാനന്ദയുടെ ഒരു നീക്കം കളിയെ മാറ്റിമറിച്ചത്. ഇന്ത്യന്‍ താരത്തിന്റെ 40ാം മൂവാണ് നോര്‍വെ താരത്തിനെ പ്രതിസന്ധിയിലാക്കിയത്. അടുത്ത നീക്കത്തില്‍ തന്നെ കാള്‍സണ് പിഴച്ചു. പ്രഭുവിനെ വെച്ചതില്‍ പിഴവ് വന്നതോടെ പ്രഗ്‌നാനന്ദ വിജയം ഉറപ്പിക്കുകയായിരുന്നു.