കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ YYC കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഫെഡറല്‍ സര്‍ക്കാരിന്റെ ധനസഹായം. 1.9 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് നല്‍കുക. ടെര്‍മിനലില്‍ പ്രോസസിംഗുകള് വേഗത്തിലാക്കാന്‍ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും നവീകരിക്കാന്‍ ഈ തുക ഉപയോഗിക്കുമെന്ന് ഗതാഗത മന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി ആനി കൗട്രാക്കിസ് പറഞ്ഞു.
പ്രഖ്യാപിച്ച തുക നേരിട്ട് എയര്ലൈനുകളിലേക്കെത്തില്ലെങ്കിലും യാത്രക്കാരെ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ എയര്‍ലൈനുകളെ ഇത് സഹായിക്കുമെന്ന് കാല്‍ഗറി എയര്‍പോര്‍ട്ട് അതോറിറ്റി സിഇഒ വ്യക്തമാക്കി. തുകയില്‍ കുറച്ച് വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി ഇടനാഴികള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
നേരത്തെ, റണ്‍വേ 17R-35L ന്റെ പുനരുദ്ധാരണത്തിനായി 57 മില്യണിലധികം ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക.