മെര്‍സിഡസ് ബെന്‍സ്, ഫോക്‌സ്‌വാഗണ്‍ കമ്പനികളുമായി ഇലക്ട്രിക് വാഹനകരാറില്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഒപ്പുവെച്ചു

By: 600002 On: Aug 24, 2022, 10:12 AM

ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികള്‍ക്കായി അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് മെര്‍സിഡസ് ബെന്‍സ്, ഫോക്‌സ്‌വാഗണ്‍ എന്നീ ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളുമായി പ്രത്യേക കരാറുകളില്‍ ഒപ്പുവെച്ചു. ടൊറന്റോയില്‍ വെച്ച് കനേഡിയന്‍-ജര്‍മ്മന്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്‌സ് ആതിഥേയത്വം വഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും സന്നിഹിതരായിരുന്നു. 

ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികളുടെയും നിര്‍മാണത്തില്‍ മുന്‍നിര കേന്ദ്രമെന്ന നിലയില്‍ കാനഡയെ ഈ കരാറുകള്‍ വളരെയധികം സഹായിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. കനേഡിയന്‍ കോബാള്‍ട്ട്, ഗ്രാഫൈറ്റ്, നിക്കല്‍, ലിഥിയം എന്നിവ ലഭ്യമാക്കുന്നത് കരാറുകളില്‍ ഉള്‍പ്പെടുന്നു. 

സുസ്ഥിര ബാറ്ററി നിര്‍മാണം, കാഥോഡ് ആക്റ്റീവ് മെറ്റീരിയല്‍ ഉല്‍പ്പാദനം, ധാതു വിതരണം എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിലാണ് ഫോക്‌സ്‌വാഗണുമായുള്ള കരാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് സൂചന. 

വൈദ്യുത വാഹന, ബാറ്ററി വിതരണ ശൃംഖലകളില്‍ കനേഡിയന്‍ കമ്പനികളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലും കാനഡയിലെ സുസ്ഥിര, ധാതു വിതരണ ശൃംഖലയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിലും മെര്‍സിഡസ് ബെന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അതേസമയം, ഹരിത ഊര്‍ജ കരാറില്‍ ഒപ്പുവെക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയും ഷോള്‍ഫും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള യൂറോപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കുന്നത്.