കൊച്ചിയില്‍ കാമുകന്റെ സഹായത്തോടെ പേരക്കുട്ടിയെ മുക്കിക്കൊന്ന പ്രതി കുഴഞ്ഞുവീണ് മരിച്ചു

By: 600002 On: Aug 24, 2022, 8:31 AM


കാമുകന്റെ സഹായത്തോടെ ഒന്നരവയസുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന പ്രതി കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്സി(50)യാണ് മരണപ്പെട്ടത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വച്ചായിരുന്നു മരണം. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരിയെ കുട്ടിയുടെ മുത്തശ്ശിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് കൊലപ്പെടുത്തിയത്. പൊലീസ് പറഞ്ഞപ്പോഴാണ് തന്റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റില്‍ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്‌സി പറഞ്ഞിരുന്നു.

സിപ്‌സിയെയും കാമുകന്‍ ബിനോയിയെയും കേസില്‍ അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായിരുന്ന സിപ്സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കേസില്‍ പിടിയിലാകുന്നതിനു മുന്‍പും സിപ്‌സി നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരെ നേരത്തെ ഉണ്ടായിരുന്നത്. പൊലീസിന്റെ ഗുണ്ടാപട്ടികയിലും സിപ്സി ഉള്‍പ്പെട്ടിരുന്നു.