വിദേശ യാത്ര നടത്തുന്ന കാനഡക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന: സ്റ്റാറ്റ്കാന്‍ റിപ്പോര്‍ട്ട് 

By: 600002 On: Aug 24, 2022, 8:19 AM

 

എയര്‍പോര്‍ട്ട് കാലതാമസം, ഫ്‌ളൈറ്റ് റദ്ദാക്കല്‍ സംബന്ധിച്ച് ആശങ്ക, അതിര്‍ത്തി നിയന്ത്രണങ്ങള്‍, ലഗേജുകള്‍ നഷ്ടപ്പെടല്‍, ജീവനക്കാരുടെ കുറവ് തുടങ്ങിയവ പ്രതിസന്ധികള്‍ തീര്‍ത്തെങ്കിലും കാനഡയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. രാജ്യത്തെ യാത്രക്കാര്‍ യുഎസ് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളുടെ എണ്ണത്തില്‍ 2021 ജൂണിനെ അപേക്ഷിച്ച് ഈവര്‍ഷം ജൂണ്‍ മാസത്തില്‍ ഏഴിരട്ടി വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 

എന്നാല്‍ പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍, യാത്രകളുടെ എണ്ണത്തില്‍ ഈവര്‍ഷം കുറവുണ്ടായി. ജൂണ്‍ മാസം 2.6 മില്യണ്‍ ആളുകള്‍( 59.9 ശതമാനം) യാത്ര നടത്തിയെങ്കില്‍ 2019 ല്‍ 4.3 മില്യണാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എങ്കിലും കഴിഞ്ഞ ജൂണ്‍ മുതല്‍, അതായത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ കാനഡയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ കൂടുതല്‍ പേര്‍ കാനഡയില്‍ നിന്നും യുഎസിലേക്ക് യാത്ര ചെയ്തു. ഇത് പാന്‍ഡെമിക്കിന് മുമ്പുള്ളേതിനേക്കാള്‍ കുറവാണെങ്കിലും അതിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യാത്രകളില്‍ വര്‍ധനവാണുണ്ടായത്. 2 മില്യണ്‍ യാത്രക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കരമാര്‍ഗവും വിമാനത്തിലും യാത്ര ചെയ്തവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 

അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്ന് കാനഡയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ജൂണ്‍ മാസത്തില്‍ 406 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതായത്, 5.5 മില്യണ്‍ പേര്‍ കാനഡയിലേക്ക് പ്രവേശിക്കുകയോ മറ്റ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരികയോ ചെയ്തിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് സംബന്ധിച്ച് കൂടുതല്‍ അറിയാന്‍  https://www150.statcan.gc.ca/n1/daily-quotidien/220823/dq220823a-eng.htm   സന്ദര്‍ശിക്കുക.