സ്റ്റാഫിന്റെ കുറവും മറ്റ് പ്രതിസന്ധികളും വലയ്ക്കുന്ന കാനഡയിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പുതിയ ചീഫ് നഴ്‌സിംഗ് ഓഫീസറെ(സിഎന്‍ഒ) നിയമിച്ചു. പുതിയ ചീഫ് നഴ്‌സിംഗ് ഓഫീസറായി ഡോ. ലീ ചാപ്മാനെ നിയമിച്ചതായി ആരോഗ്യമന്ത്രി ജീന്‍-യെവ്‌സ് ഡുക്ലോസ് അറിയിച്ചു. ഫെഡറല്‍ തലത്തില്‍ നഴ്‌സുമാരെ പ്രതിനിധീകരിക്കുക, പ്രതിസന്ധി മറികടക്കാന്‍ ഹെല്‍ത്ത് കാനഡയ്ക്ക് തന്ത്രപരമായ ഉപദേശം നല്‍കുക എന്നിവയായിരിക്കും ചാപ്മാന്റെ പ്രധാന കടമകള്‍. രണ്ടുവര്‍ഷത്തേക്കാണ് നിയമനം.
പ്രതിസന്ധി തുടരുന്ന ഈ ഘട്ടത്തില്‍ നഴ്സുമാരെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ വെല്ലുവിളികള്‍ പരിഹരിക്കുന്നുണ്ടെന്നു ഉറപ്പാക്കുകയും വേണമെന്ന് ഡുക്ലോസ് പറഞ്ഞു. നഴ്സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ശരിയായ ഉപദേശവും വൈദഗ്ധ്യവും ആവശ്യമാണ്. ഡോ. ചാപ്മാന്റെ നിയമനത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ്. ദേശീയ തലത്തില്‍ രാജ്യത്തെ നഴ്സുമാരുടെ ഇന്‍പുട്ടും സ്വാധീനവും ലീ ചാപ്മാന്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍നിര നഴ്സുമാര്‍, റെഗുലേറ്റര്‍മാര്‍, അധ്യാപകര്‍ എന്നിവരുമായി പ്രൊഫഷന്‍ ശക്തിപ്പെടുത്തുന്നതിനും രോഗികളുടെ ജീവിതത്തില്‍ നഴ്സുമാരുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന വ്യത്യാസം വര്‍ധിപ്പിക്കുന്നതിനുമായി സഹകരിക്കുമെന്നും ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ചാപ്മാന്‍ പറഞ്ഞു.