ശനിയാഴ്ച ടൊറന്റോയിലുണ്ടായ ഫെറി അപകടത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും അതിലെ യാത്രക്കാര്‍. ജാക്ക് ലെയ്ടണ്‍ ഫെറി ടെര്‍മിനലിലെ ഡോക്കില്‍ ബോട്ട് ഇടിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ടെര്‍മിനലില്‍ എത്തിയതിനെ തുടര്‍ന്ന് ഇറങ്ങാന്‍ പടികളില്‍ കാത്തുനിന്ന യാത്രക്കാര്‍ ഇടിയുടെ ആഘാതത്തില്‍ തറയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ബോട്ടിലുണ്ടായിരുന്നൊരാള് പറയുന്നു. സംഭവസമയത്ത് 912 യാത്രക്കാരും ആറ് ജീവനക്കാരും ഫെറിയില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
വൈകുന്നേരം 5 മണിയോടെയാണ് അപകടം ഉണ്ടായത്. 12 പേര്‍ക്ക് പരിക്കേറ്റതായി ടൊറന്റോ പാരാമെഡിക്കുകള്‍ പറഞ്ഞു. പരിക്കേറ്റ രണ്ട് കുട്ടികളെയും മൂന്ന് മുതിര്‍ന്നവരെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം, അപകടത്തെ തുടര്‍ന്ന് ടൊറന്റോ ഐലന്‍ഡിലേക്കുള്ള ഫെറി സര്‍വീസ് വേനല്‍ക്കാലത്ത് വെട്ടിക്കുറയ്ക്കുമെന്ന് ടൊറന്റോ സിറ്റി പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഒരു ഫെറി സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ടെന്നും മറ്റ് ബോട്ടുകളില്‍ കുറഞ്ഞയാളുകളുമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്നും സിറ്റി അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജാക്ക് ലെയ്ടണ്‍ ഫെറി ടെര്‍മിനലിനും ടൊറന്റോ ഐലന്ഡിനുമിടയില് രണ്ട് പാസഞ്ചര്‍ ഒണ്‍ലി ബോട്ടുകളും ഒരു വെഹിക്കിള്‍/പാസഞ്ചര്‍ ഫെറിയും ഉള്‍പ്പടെ മൂന്ന് ഫെറികള്‍ മാത്രമേ പ്രവര്‍ത്തിക്കൂവെന്നും അധികൃതര്‍ അറിയിച്ചു.