പാലം പുനര്‍ നിര്‍മാണം മൂലം ജാസ്പര്‍ അവന്യുവിന്റെ ഒരു ഭാഗത്തെ റോഡ് അടുത്ത വര്‍ഷം വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ലട്ട ബ്രിഡ്ജിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഈ അടച്ചിടല്‍. പഴയ പാലം പൊളിച്ച്മാറ്റി പുതിയ പാത ഉള്‍പ്പെടുത്തി പണിയാനുള്ള പദ്ധതിയിലാണ് സിറ്റി. 90 സ്ട്രീറ്റ് മുതല്‍ 91 സ്ട്രീറ്റ് വരെയുള്ള ഭാഗമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന തിങ്കളാഴ്ച മുതല്‍ അടിച്ചിടുന്നത്.
2019 ഡിസംബറില്‍ പുറത്തിറക്കിയ കണ്ടീഷന്‍ റിപ്പോര്‍ട്ടില്‍ പാലം മാറ്റിപ്പണിയാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പുതിയ പാലത്തിന്റെ നിര്‍മാണം 2023 വരെ നീണ്ടുനില്‍ക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
അടച്ചിടലിനെ തുടര്‍ന്ന് ETS ബസ് റൂട്ടുകള്‍ 2, 101 എന്നിവ 111 അവന്യു, 74 സ്ട്രീറ്റ് എന്നിവടങ്ങളിലേക്ക് വഴിമാറും. സ്‌റ്റേഡിയം ട്രാന്‍സിറ്റ് സെന്ററിലെ ബസ് സ്‌റ്റോപ്പുകളായിരിക്കും ഉപയോഗിക്കുക. റൂട്ട് 2 ബസുകള്‍ റൂട്ട് മാറുന്നതിന്റെ ഫലമായി സ്റ്റേഡിയം റോഡ്, 107 അവന്യൂ, 95 സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളും ഉപയോഗിക്കും.