ലെത്ത്ബ്രിഡ്ജില്‍ ഗിഫ്റ്റ് കാര്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്നു

By: 600002 On: Aug 23, 2022, 7:44 AM

 

ഗിഫ്റ്റ് കാര്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പ് ലെത്ത്ബ്രിഡ്ജില്‍ വര്‍ധിക്കുന്നതായി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്. ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങി തട്ടിപ്പിനിരയായ ആറോളം പേരില്‍ നിന്നും പരാതികള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. തട്ടിപ്പുകാര്‍ പലപ്പോഴും പ്രായമായവരെയാണ് ലക്ഷ്യം വെക്കുന്നതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 

ഒരു സര്‍ക്കാര്‍ ഏജന്‍സിയെയോ ബാങ്കിനെയോ മറ്റ് ബിസിനസ് ഗ്രൂപ്പുകളെയോ പ്രതിനിധീകരിക്കുന്നുവെന്ന് ഇരകളെ വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നത്. ഇവരോട് ഗിഫ്റ്റ് കാര്‍ഡുകളോ ക്രിപ്‌റ്റോകറന്‍സികളോ വാങ്ങാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുകയാണ് ചെയ്യുക. ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്താനാണ് പ്രതികള്‍ ആവശ്യപ്പെടുന്നതെന്നും പോലീസ് അറിയിച്ചു. 

ഈ വര്‍ഷം ഇതുവരെ തട്ടിപ്പിനിരയായവര്‍ക്ക് ക്രിപ്‌റ്റോകറന്‍സി വാങ്ങിയത് വഴി 50,000 ഡോളറും മറ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ വഴി 500,0000 ഡോളറിലധികവും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു. 

ഇത്തരത്തില്‍ സംശയം തോന്നുന്ന കോളുകളോ സന്ദേശങ്ങളോ ആരും സ്വീകരിക്കരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇരയാക്കപ്പെട്ടവരുണ്ടെങ്കിലോ പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഉണ്ടെങ്കില്‍ 403-328-4444 എന്ന നമ്പറില്‍ ലെത്ത്ബ്രിഡ്ജ് പോലീസ് സര്‍വീസില്‍ വിവരമറിയിക്കാം.