ജീവനക്കാരുടെ കുറവ്: ഒന്റാരിയോയിലെ സെന്റ് മേരീസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കുന്നു 

By: 600002 On: Aug 23, 2022, 7:00 AM

 

ആശുപത്രി ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് പ്രതിസന്ധി തുടരുന്ന ഒന്റാരിയോയില്‍ ഒരു ആശുപത്രിയുടെ അത്യാഹിതം വിഭാഗം കൂടി പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ തീരുമാനിച്ചു. നഴ്‌സുമാരുടെയും സ്റ്റാഫുകളുടെയും ക്ഷാമം നേരിടുന്ന സെന്റ് മേരീസ് മെമ്മോറിയല്‍ ഹോസ്പിറ്റലാണ് എമര്‍ജന്‍സി കെയറിന്റെ സമയം വെട്ടിക്കുറയ്ക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ആശുപത്രി മേല്‍നോട്ടം വഹിക്കുന്ന ഹൂറോണ്‍ പെര്‍ത്ത് കെയര്‍ അലയന്‍സ് അറിയിച്ചു. 

ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ ആശുപത്രിയിലെ എമര്‍ജന്‍സി റൂം രാവിലെ 7 മണിക്ക് തുറന്ന് വൈകുന്നേരം 5 മണിക്ക് അടയ്ക്കും. ശനിയാഴ്ച രാവിലെ 7 മണി മുതല്‍ എമര്‍ജന്‍സി റൂം 24 മണിക്കൂറും സേവനം പുനരാരംഭിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.  ഈ വേനല്‍ക്കാലം അവസാനത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണെന്നും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. 

നഴ്സുമാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവ് ഒന്റാരിയോയിലെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ പ്രത്യേകിച്ച് ഗ്രാമീണ തലത്തില്‍ ആശുപത്രികളെ, എമര്‍ജന്‍സി റൂം അടച്ചുപൂട്ടല്‍, സമയം വെട്ടിക്കുറയ്ക്കല്‍ എന്നിവ കാര്യമായി ബാധിച്ചിട്ടുണ്ട്.