പട്ടാപ്പകല്‍ തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണശ്രമം: തോക്ക് ചൂണ്ടി രക്ഷപ്പെട്ടു 

By: 600002 On: Aug 22, 2022, 12:39 PM


പകല്‍ തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കളുടെ വിളയാട്ടം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും പിടികൂടാന്‍ ശ്രമിച്ച പൊലീസിന് നേരെയും തോക്ക് ചൂണ്ടിയാണ് മോഷ്ടാക്കള്‍ ഭീതിവിതച്ചത്. രക്ഷപ്പെട്ട രണ്ട് മോഷ്ടാക്കള്‍ക്കായി പൊലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടപ്പഴിഞ്ഞിയിലെ ഒരു ഹൗസിങ് കോളനിയിലെ അടഞ്ഞുകിടക്കുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ രണ്ടുപേര്‍ ശ്രമിച്ചത്. എന്നാല്‍ വീട് കുത്തിത്തുറക്കാനുള്ള ശ്രമം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. സമീപവാസികള്‍ മോഷണശ്രമം തടയുകയും ഇവരെ ചോദ്യംചെയ്യാനെത്തുകയും ചെയ്തു. ഇതോടെയാണ് രണ്ടുപേരും നാട്ടുകാര്‍ക്ക് നേരേ തോക്ക് ചൂണ്ടി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്.

ഇടപ്പഴിഞ്ഞിയില്‍നിന്ന് നഗരത്തിലെ ഒരു സ്പെയര്‍ പാര്‍ട്സ് കടയിലേക്കാണ് രണ്ടുപേരും എത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പൊലീസിന് നേരേയും തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്നത് യഥാര്‍ത്ഥ തോക്ക് ആണോയെന്ന് വ്യക്തമല്ല. ഇരുവരും ഇതരസംസ്ഥാനക്കാരാണെന്നാണ് പൊലീസ് കരുതുന്നത്.

ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേരള രജിസ്ട്രേഷനിലുള്ള സ്‌കൂട്ടറിന്റെ നമ്പറടക്കം ഇതില്‍ വ്യക്തമാണ്. പ്രതികളെ കണ്ടെത്താനായി ഈ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഇവര്‍ക്കായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.