ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് വരും ദിവസങ്ങളില്‍ മാറിയേക്കുമെന്ന് സൂചന. ഫുട്ബോള്‍ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രിംകോടതി പിരിച്ച് വിട്ടതിനെ തുടര്‍ന്നാണ് വിലക്ക് മാറിയേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറല്‍ സുനന്ദോ ധറിനു കൈമാറി സുപ്രിംകോടതി ഉത്തരവിറക്കി. ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യുട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയ സുപ്രിംകോടതി ഭരണത്തില്‍ മൂന്നാം കക്ഷി ഇടപെടുന്നത് വിലക്കുകയും ചെയ്തു.
എഐഎഫ്എഫ് ഭരണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡന്റായി തുടര്‍ന്ന പ്രഫുല്‍ പട്ടേലിനെ സുപ്രിം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുല്‍ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാന്‍ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങള്‍ക്ക് എതിരാണ്. ഇതാണ് എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം.