കാന്‍സറിനെ വെല്ലുവിളിച്ച് കാനഡയിലുടനീളം യാത്ര ചെയ്ത് 85കാരന്‍ 

By: 600002 On: Aug 22, 2022, 11:44 AM

മാരകമായ അര്‍ബുദവും പ്രായവും റേ ഓസ്‌ബോണ്‍ എന്ന 85കാരനെ തളര്‍ത്തിയില്ല. തന്റെ ആഗ്രഹം സഫലീകരിക്കാനുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് മകനോടൊപ്പം അദ്ദേഹം. കാന്‍സര്‍ എന്ന അപകടകാരി കാര്‍ന്നു തിന്നുന്ന ജീവിതങ്ങളെ സഹായിക്കാനും കാന്‍സറിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമാണ് ഹാമില്‍ട്ടണ്‍ സ്വദേശിയായ ഓസ്‌ബോണ്‍ ക്രോസ്-കണ്‍ട്രി ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്. 

മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലാണ് വെള്ളിയാഴ്ച യാത്ര ആരംഭിച്ചത്. അദ്ദേഹത്തിന്റെ പുനര്‍ നിര്‍മിച്ച 1927 ഫോര്‍ഡ് മോഡല്‍ എ ക്ലാസിക് കാറിലാണ് യാത്ര തിരിച്ചത്. വിന്‍ഡ്‌സറില്‍ നിന്നും വാന്‍കുവറിലേക്ക് ഡ്രൈവിനായി ഇരുവരും ഈ കാറിനെയാണ് ആശ്രയിക്കുന്നത്. 'അവസാനത്തെ വലിയ യാത്ര' എന്നാണ് അദ്ദേഹം തന്റെ യാത്രയെ വിശേഷിപ്പിക്കുന്നത്. 

ക്രോസ്-കണ്‍ട്രി ഡ്രൈവ് എന്ന ആശയം ഏകദേശം ആറ് മാസം മുന്‍പാണ് ഉരുത്തിരിഞ്ഞു വന്നതെന്ന് മകന്‍ മൈക്കിള്‍ ലുഡ്‌വിഗ് പറയുന്നു. അച്ഛന് ഒറ്റയ്ക്ക് കൂടുതല്‍ നീണ്ട യാത്രകള്‍ നടത്താന്‍ സാധിക്കില്ല. അങ്ങനെ, എങ്കില്‍ എന്തുകൊണ്ട് തനിക്ക് അച്ഛന്റെ അഭിലാഷം പൂര്‍ത്തീകരിക്കാന്‍ സഹായിക്കാം എന്ന ചിന്തയുണ്ടായി. അവിടെ നിന്നാണ് രണ്ടുപേരും കൂടിയുള്ള ഒരുമിച്ചുള്ള യാത്രയ്ക്ക് തുടക്കമാകുന്നത്. 

ഇത് വെറുമൊരു യാത്രയല്ല, ക്യാന്‍സറിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും പണം സ്വരൂപിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് യാത്ര കൊണ്ട് ലക്ഷ്യമിടുന്നത്. ക്ലാസിക് കാറിലാണ് യാത്ര എന്നതുകൊണ്ട് ഒസ്‌ബോണിന്റെ യാത്രയ്ക്ക് കൂടുതല്‍ നിറം പകരുകയും ചെയ്യും. 

ദീര്‍ഘദൂര യാത്ര നടത്താന്‍ ക്ലാസിക് കാര്‍ പുതുക്കിപണിയേണ്ടതുണ്ടായിരുന്നു. അതിനായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വീഡ്മാര്‍ക്ക് ക്ലാസിക് കാര്‍സ് എന്ന കമ്പനിക്ക് കൈമാറി. അറ്റകുറ്റ പണികളൊക്കെ നടത്തി കാര്‍ വിജയകരമായി അവര്‍ പുനര്‍നിര്‍മിച്ചു. 

യാത്രയില്‍ ഓരോ നഗരത്തിലും നിര്‍ത്തി ഓസ്‌ബോണിന്റെ കഥകള്‍ പങ്കുവെക്കുകയും ക്യാന്‍സര്‍ ഗവേഷണത്തെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും അവര്‍ ചെയ്യുന്നു. കൂടാതെ, കാന്‍സര്‍ രോഗികളെ സഹായിക്കാനായി വാഹനത്തിലുള്ള ക്യുആര്‍ കോഡിലൂടെ സംഭാവനകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും.