ചലച്ചിത്ര സംഗീതസംവിധായകന് ആര്. സോമശേഖരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15 ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു താമസം.
ജാതകം (1989)എന്ന സിനിമയിലെ 'പുളിയിലക്കരയോലും പുടവ ചുറ്റി' എന്ന ഗാനവും സ്വാമി അയ്യപ്പന് സീരിയലിന്റ അവതരണഗാനവും പ്രശസ്തമാണ്. ആകാശവാണിയില്‍ നിരവധി ലളിതഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്തിട്ടുണ്ട്. വെളിയം ചന്ദ്രന് സംവിധാനം ചെയ്ത 'ഉര്‍വശി' എന്ന നാടകം സിനിമയാക്കിയ അവസരത്തിലാണു സംഗീത സംവിധായകനാകാനുള്ള അവസരമുണ്ടായത്. കോന്നിയൂര്‍ ഭാസ് രചിച്ച് യേശുദാസ് പാടിയ 'പ്രകൃതി പ്രഭാമയീ' എന്ന ഗാനമാണ് അദ്ദേഹം ആദ്യം സംഗീതം ചെയ്തത്. രണ്ടാമത്തെ ഗാനം വെള്ളനാട് നാരായണന് എഴുതി, എസ് ജാനകിയും സോമശേഖരനും ചേര്‍ന്നു പാടി.